എറണാകുളം: മോഷണക്കേസിൽ തെളിവെടുപ്പിന് എത്തിച്ച വേളയിൽ വീട്ടുകാരെയും പൊലീസിനെയും ചിരിപ്പിച്ച് സ്ഥിരം കുറ്റവാളിയായ കള്ളൻ. ഇക്കഴിഞ്ഞ ഒക്‌ടോബർ മാസത്തിൽ നെല്ലിക്കുഴി സ്വദേശി സലീമിന്‍റെ വീട്ടിൽ നിന്ന് സ്വർണം മോഷ്‌ടിച്ച കേസിൽ തെളിവെടുപ്പിന് എത്തിച്ച ജോസ് മാത്യുവെന്ന കള്ളന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
2019 നവംബർ 11ന് പുലർച്ചെ 1.45നായിരുന്നു ജോസ് മാത്യു, സലീമിന്‍റെ വീട്ടിൽ അതിക്രമിച്ച് കടന്ന് 22 പവൻ സ്വർണം അപഹരിച്ചത്. അന്നു തന്നെ കോതമംഗലം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കുറിച്ച് വിവരങ്ങൾ ലഭിച്ചിരുന്നില്ല. മറ്റൊരു മോഷണക്കേസിൽ കുറുപ്പും പടി പൊലീസ് കഴിഞ്ഞ സെപ്‌റ്റംബർ മാസത്തിലാണ് ജോസ് മാത്യുവിനെ പിടികൂടിയത്.
കൂളാണ് ഈ കള്ളൻ: തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നെല്ലിക്കുഴിയിലേത് ഉൾപ്പടെ കോതമംഗലം സ്റ്റേഷൻ പരിധിയിൽ നടത്തിയ അഞ്ച് മോഷണക്കേസുകളിലെ പ്രതിയാണ് ജോസ് മാത്യുവെന്ന് തിരിച്ചറിഞ്ഞത്. പിന്നാലെയാണ് ഇയാളെ സലീമിന്‍റെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചത്. മുൻവശത്തെ വാതിലിനോട് ചേർന്നുള്ള തുറന്നിട്ട ജനലിൽ കൂടി വാതിലിലുണ്ടായിരുന്ന താക്കോൽ എടുത്ത് വാതിൽ തുറന്നായിരുന്നു പ്രതി അകത്ത് കടന്നത്.
കിടപ്പുമുറിയിലെ അലമാരയിൽ നിന്ന് ഇരുപത് പവനും, പരാതിക്കാരനായ സലീമിന്‍റെ ഭാര്യയുടെ കഴുത്തിൽ നിന്നും രണ്ട് പവൻ മാലയും മോഷ്‌ടിച്ചായിരുന്നു കടന്ന് കളഞ്ഞത്. എന്നാൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ മൂന്ന് വർഷം മുമ്പ് നടത്തിയ കവർച്ചയെക്കുറിച്ച് ഭാവമാറ്റങ്ങളൊന്നുമില്ലാതെ മര്യാദക്കാരനെ പോലെ പ്രതി വിശദീകരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
ചെറിയ പൈസ എടുക്കൂല സാറേ: സ്വർണ്ണം സൂക്ഷിച്ച അലമാരയിൽ തന്നെയുണ്ടായിരുന്ന 5000 രൂപ എന്താണ് എടുക്കാതെ പോയതെന്ന് വീട്ടുകാരിൽ ഒരാൾ പ്രതിയോട് ചോദിച്ചപ്പോൾ കുറച്ച് പൈസ താൻ എടുക്കാറില്ലന്നായിരുന്നു മറുപടി. ഇത്രയും ആരോഗ്യമുള്ള തനിക്ക് അധ്വാനിച്ച് ജീവിച്ച് കൂടെയെന്ന് പരാതിക്കാരനായ സലീമിന്‍റെ ഭാര്യ ചോദിച്ചപ്പോൾ പുഞ്ചിരിച്ച് നാണത്തോടെ തല താഴ്ത്തുന്ന പ്രതിയുടെ ഭാവങ്ങളും കണ്ടു നിന്നവരിൽ ചിരി പടർത്തി.
തന്‍റെ കഴുത്തിൽ ഉണ്ടായിരുന്ന മാല പൊട്ടിച്ച് ഓടിയതിന്‍റെ ഭീതിയിൽ ഒരു പാട് കാലം തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്നും ഭർത്താവ് അസുഖ ബാധിതനായെന്നും ഈ സ്ത്രീ വിശദീകരിക്കുന്നതും പ്രതി സങ്കടത്തോടെ കേട്ടിരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. താൻ കഴുത്തിൽ അണിഞ്ഞ മാല മുറിച്ച് എടുക്കുകയാണ് പതിവെന്നും അതിന് കഴിഞ്ഞില്ലങ്കിൽ മാത്രമാണ് പൊട്ടിച്ച് ഓടാറുള്ളതെന്നും ജോസ് മാത്യു വിശദീകരിക്കുന്നുണ്ട്.
നല്ല വീട് കണ്ടാൽ കയറും: കവർച്ച ചെയ്‌ത ഇരുപത്തിരണ്ട് പവനും തിരിച്ചു തരണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടപ്പോൾ അത്രയൊന്നും സ്വർണമുണ്ടായിരുന്നില്ല പതിനാല് പവനേ ഉണ്ടായിരുന്നുള്ളൂവെന്ന് പ്രതി മറുപടി നൽകി. കൃത്യമായ കണക്ക് പൊലീസിന് നൽകിയെന്ന് വീട്ടുകാർ പറഞ്ഞതോടെ, എനിക്ക് ഓർമയില്ലെന്നും നിങ്ങൾ പറയുന്നതാണ് ശരിയെന്നും പ്രതി സമ്മതിക്കുന്നു.
മോഷണത്തിനായി വീട് അന്വേഷിച്ച വേളയിൽ തരക്കേടില്ലെന്ന് തോന്നിയതിനാലാണ് ഈ വീട് തെരഞ്ഞെടുത്തതെന്ന പ്രതിയുടെ പ്രതികരണവും ചിരി പടർത്തി. തെളിവെടുപ്പിന്‍റെ വീഡിയോ പുറത്തുവന്നതോടെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച പ്രസാദ് എന്ന കള്ളനെ ഓർമിപ്പിക്കുന്നുവെന്ന കമന്‍റുകളും നിറയുന്നുണ്ട്. 'എന്തൊരു ഡീസന്‍റായ കള്ളൻ' എന്നാണ് ദൃശ്യങ്ങൾ കണ്ടശേഷം നാട്ടുകാർ പറയുന്നത്.