എറണാകുളം: ആലുവയിൽ ആദായ നികുതി ഉദ്യോഗസ്ഥനെന്ന വ്യാജേനെ വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്ന കേസിൽ ഒരു യുവതി കൂടി പിടിയിൽ. കൂത്തുപറമ്പ്, നഹ്‌ലാ മഹലിൽ സുഹറയെയാണ് (37) ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തത്. കവർച്ച കേസിൽ പ്രതിയായ ഹാരിസിന്‍റെ ഭാര്യയാണ് സുഹറ.
ഇവരുടെ പങ്കാളിത്തത്തിലാണ് സംഘം ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. മറ്റ് പ്രതികൾക്ക് ഒളിവിൽ കഴിയാൻ സഹായം ചെയ്‌തു കൊടുത്തതും വിവരങ്ങൾ കൈമാറിയിരുന്നതും സുഹറയാണ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കൂത്തുപറമ്പിൽ നിന്നും പിടികൂടിയത്. ജൂൺ അഞ്ചിനാണ് ആലുവ ബാങ്ക് ജങ്ഷനിലുള്ള സഞ്ജയ് എന്നയാളുടെ വീട്ടിൽ ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് അഞ്ച് പേർ എത്തിയത്. ഇവർ വീട്ടിനുള്ളിൽ പരിശോധന നടത്തി 50 പവനോളം സ്വർണവും, ഒന്നരലക്ഷം രൂപയുമായി കടന്നു കളയുകയായിരുന്നു.
വീട്ടിലെ സിസിടിവിയുടെ ഹാർഡ് ഡിസ്‌കും സംഘം കൊണ്ടുപോയിരുന്നു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികളെ ഡിവൈ.എസ്.പി പി.കെ ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
Also Read: ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് മോഷണം; നാല് പേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ്