എറണാകുളം: സിനിമാമേഖലക്ക് സമഗ്രപാക്കേജ് നടപ്പാക്കാതെ സംസ്ഥാനത്തെ തിയറ്ററുകൾ തുറക്കില്ലെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. തിയറ്ററുകൾ തുറക്കാനുള്ള കേന്ദ്ര സർക്കാർ മാർഗനിർദേശങ്ങൾ പുറത്തു വന്ന സാഹചര്യത്തിലാണ് ഫിയോക് തീരുമാനം വ്യക്തമാക്കിയത്. പ്രതിസന്ധിയിലായ സിനിമാ മേഖലക്കായി ഏഴ് ഇന ആവശ്യങ്ങൾ ഉൾപ്പെടുണ സമഗ്ര പാക്കേജാണ് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ഉന്നയിച്ചിരിക്കുന്നത്. വിനോദനികുതിയും തിയറ്ററുകൾ അടഞ്ഞുകിടന്ന സമയത്തെ വൈദ്യുതി ഫിക്സഡ് ചാർജും ഒഴിവാക്കണം. കെട്ടിടനികുതിയും ഒരുവർഷത്തേക്ക് ഒഴിവാക്കണം. ബാങ്കുകളിൽനിന്നും കെ.എസ്.എഫ്.സിയിൽനിന്നും വായ്പയെടുത്ത തിയറ്ററുകാർക്ക് പലിശ കുറച്ചുകിട്ടണം തുടങ്ങിയ ആവശ്യങ്ങളാണ് സർക്കാരിന്‍റെ പരിഗണനക്കായി മുന്നോട്ടുവയ്ക്കുന്നതെന്ന് ഫിയോക് ജനറൽ സെക്രട്ടറി എം സി ബോബി പറഞ്ഞു.
കൊച്ചിയിൽ ചേർന്ന തിയറ്റർ ഉടമകളുടെ യോഗത്തിന് ശേഷമാണ് അദ്ദഹം തീരുമാനങ്ങൾ അറിയിച്ചത്. തിയറ്ററുകാരിൽനിന്ന് പിരിഞ്ഞു കിട്ടാനുള്ള 25കോടി രൂപ ലഭിക്കാതെ സിനിമ നൽകില്ലെന്ന വിതരണക്കാരുടെ തീരുമാനത്തെ ഫിയോക് വിമർശിച്ചു. സിനിമയിൽ കൊടുക്കൽ വാങ്ങലുകൾ പതിവാണെന്നും പതിനേഴ് കോടി രൂപ വിതരണക്കാർ തിയറ്ററുകാർക്ക് നൽകാനുണ്ടെന്നും എം സി ബോബി ചൂണ്ടിക്കാട്ടി. ഇന്നലെ നടന്ന എക്സിബിറ്റേഴ്സ് യോഗത്തിന് ശേഷം സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കാവുന്ന സാഹചര്യമില്ലെന്ന് വിതരണക്കാര്‍ വ്യക്തമാക്കിയിരുന്നു. തിയറ്ററുടമകളില്‍ നിന്ന് ലഭിക്കാനുള്ള വിഹിതം കിട്ടിയെങ്കില്‍ മാത്രമെ പുതിയ സിനിമ നല്‍കാന്‍ കഴിയൂവെന്ന് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ അറിയിച്ചിരുന്നു. കൊവിഡിനെ തുടർന്ന് കഴിഞ്ഞ ആറു മാസത്തിലധികമായി തിയറ്ററുകൾ അടഞ്ഞ് കിടക്കുകയാണ്.