എറണാകുളം: നെല്‍ക്കൃഷി അന്യം നിന്നുപോകുന്ന കേരളത്തില്‍ പ്രതീക്ഷയുടെ നെല്‍നാമ്പുകൾ മുളയ്ക്കുന്നു. വർഷങ്ങളായി കൃഷിയിറക്കാതെ വൻ വൃക്ഷങ്ങൾ വളർന്ന് ഇഴജന്തുക്കളുടെ വിഹാര കേന്ദ്രവും മാലിന്യ കൂമ്പാരവുമായി മാറിയ പേരമംഗലം വെട്ടിയാങ്കൽ പാടശേഖരം ഇനി കാർഷിക സമൃദ്ധിയുടെ കഥപറയും.
ആയവന പഞ്ചായത്ത് അധികൃതരും കൃഷിഭവനും തൊഴിലുറപ്പ് വനിത കൂട്ടായ്മയും ഒത്തുചേർന്നപ്പോൾ കാർഷിക കേരളത്തിന് അത് പുതിയ മാതൃക സമ്മാനിച്ചു. വിത്ത് വിതയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് റെബി ജോസ് നിർവഹിച്ചു. വാർഡ് മെമ്പർ ബേബി കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ എം.എം അലിയാർ, മേഴ്സി ജോർജ്, റാണി റെജി പഞ്ചായത് സെക്രട്ടറി ജയരാജ് പി എൻ, ക്യഷി ഓഫീസർ ബോസ് മത്തായി, സി.ഡി.എസ് ചെയർപേഴ്സൺ മോളി തോമസ്, ഇക്കോ ഷോപ്പ് പ്രസിഡന്‍റ് സജീവ് ജോൺ, എബി, ജോൺ വി.വി എന്നിവർ സംബന്ധിച്ചു.