എറണാകുളം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയാണ് രണ്ടാം പ്രതി സ്വപ്‌ന സുരേഷിന്‍റെയും നാലാം പ്രതി സന്ദീപ് നായരുടെയും കസ്റ്റഡി അപേക്ഷ പരിഗണിക്കുക. പത്ത് ദിവസത്തെ കസ്റ്റഡിയാണ് എൻഐഎ ആവശ്യപ്പെടുന്നത്. രാജ്യാന്തര ബന്ധങ്ങളുള്ള കേസിൽ പ്രതികളുടെ വിശദമായ ചോദ്യം ചെയ്യൽ വേണമെന്നാണ് എൻഐഎയുടെ ആവശ്യം.
ആലുവ ജില്ലാ ആശുപത്രിയിൽ ഇന്നലെ നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയ സാഹചര്യത്തില്‍ പ്രതികളെ ഇന്ന് എൻഐഎ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം മറ്റു നടപടികളിലേക്ക് കടക്കാതെ പ്രതികളെ മൂന്ന് ദിവസത്തേക്ക് റിമാന്‍റ് ചെയ്യുകയായിരുന്നു. തൃശൂരിലും അങ്കമാലിയിലും കൊവിഡ് സെന്‍ററിലുള്ള പ്രതികളെ രാവിലെ 11 മണിയോടെ കൊച്ചിയിലെ എൻഐഎ കോടതിയിൽ എത്തിക്കും. കസ്റ്റംസ് കസ്റ്റഡിയിലുള്ള ഒന്നാം പ്രതി സരിത്ത് ഉൾപ്പടെയുള്ളവരെ ഇന്നലെ വൈകി വീണ്ടും എൻഐഎ ചോദ്യം ചെയ്തിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ ഇന്നലെ അറസ്റ്റിലായ പ്രധാന കണ്ണിയായ റമീസിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റംസ് അറസ്റ്റ് ചെയ്ത പ്രതിയെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കോടതിയിലാണ് ഹാജരാക്കുക.