എറണാകുളം: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആലുവ-മൂന്നാര്‍ റോഡില്‍ മനുഷ്യചങ്ങല തീര്‍ത്തു. നെല്ലിക്കുഴി, അശമന്നൂര്‍ പഞ്ചായത്ത് അതിര്‍ത്തിയായ ഇരുമലപ്പടി ഹൈടെക് ജങ്ഷനില്‍ നിന്നും കോതമംഗലം തങ്കളം ബിഎസ്എന്‍എല്‍ ജങ്ഷന്‍ വരെയുളള നെല്ലിക്കുഴി പഞ്ചായത്ത് പരിധിയിലുളള ആറര കിലോമീറ്റര്‍ ദൂരമായിരുന്നു മനുഷ്യചങ്ങല തീര്‍ത്തത്. വൈകിട്ട് 4.15ന് ആദ്യ ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി 4.30 ഓടെ മനുഷ്യചങ്ങല രൂപപ്പെട്ടു. ആയിരങ്ങള്‍ മനുഷ്യചങ്ങലയില്‍ പങ്കാളികളായി.
തുടര്‍ന്ന് കോതമംഗലം എംഎല്‍എ ആന്‍റണി ജോണ്‍ സത്യവാചകം ചൊല്ലികൊടുത്തു. മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ സലീം, ജില്ലാപഞ്ചായത്ത് അംഗം കെ.എം.പരീത് തുടങ്ങിയവര്‍ മനുഷ്യചങ്ങലക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ആന്‍റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്‌തു. ഡോ.സെബാസ്റ്റ്യന്‍ പോള്‍ മുഖ്യപ്രഭാഷണം നടത്തി.