എറണാകുളം: കൊവിഷീൽഡ് വാക്‌സിന്‍ ഇടവേള കുറച്ച സിംഗിൾ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കേന്ദ്രസർക്കാർ ആവശ്യം ഹൈക്കോടതി ഡിവിഷൻ ബഞ്ച് നിരസിച്ചു. വാക്‌സിന്‍ ഇടവേള നിശ്ചയിച്ച ഉത്തരവ് കേന്ദ്ര സർക്കാർ തന്നെ നടപ്പാക്കാത്തതിനാൽ വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
കൊവിഷീൽഡ് വാക്‌സിന്‍ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുകയായിരുന്നു. കിറ്റെക്‌സ് കമ്പനിയിലെ ജീവനക്കാർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി നാലാഴ്‌ച കഴിഞ്ഞതിനാൽ, രണ്ടാം ഡോസ് എടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കമ്പനി അധികൃതർ നൽകിയ ഹർജിയിലായിരുന്നു സിംഗിൾ ബഞ്ച് അനുകൂല ഉത്തരവ് നൽകിയത്.
'സിംഗിൾ ബഞ്ചിന്‍റെ വിധി റദ്ദാക്കണമെന്ന് ആവശ്യം'
കൊവിഷീൽഡ് വാക്‌സിന്‍റെ രണ്ടാം ഡോസ് നാലാഴ്ച കഴിഞ്ഞ് എടുക്കാൻ കഴിയുന്ന വിധത്തിൽ കൊവിൻ പോർട്ടലിൽ മാറ്റം വരുത്തണമെന്ന് സിംഗിൾ ബഞ്ച് ഉത്തരവിട്ടിരുന്നു. ആദ്യ ഡോസ് എടുത്ത് 12 ആഴ്‌ച കഴിഞ്ഞു രണ്ടാം ഡോസ് എടുത്താൽ മതിയെന്ന കേന്ദ്ര സർക്കാരിന്‍റെ ദേശീയ കൊവിഡ് വാക്‌സിൻ നയത്തിനു വിരുദ്ധമായ സിംഗിൾ ബഞ്ചിന്‍റെ വിധി റദ്ദാക്കണമെന്നാണ് കേന്ദ്ര സർക്കാർ അപ്പീൽ ഹർജിയിൽ ആവശ്യപ്പെട്ടത്.
ദേശീയ കൊവിഡ് വാക്‌സിനേഷൻ പദ്ധതിയുടെ ഭാഗമായ വിദഗ്‌ധ സമിതികളുടെ ശുപാർശകളും ശാസ്ത്രീയ തെളിവുകളും അടിസ്ഥാനമാക്കിയാണ് രണ്ടാം ഡോസിനുള്ള സമയം 12 ആഴ്ചയായി നിശ്ചയിച്ചതെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ശാസ്ത്രീയ വസ്തുതകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ രൂപം നൽകിയ നയത്തെ തകർക്കുന്ന സിംഗിൾ ബഞ്ച് വിധി സ്റ്റേ ചെയ്യണമെന്നും കേന്ദ്ര സർക്കാർ ആവശ്യപെട്ടിരുന്നു.
ALSO READ: എഐസിസി അംഗത്വവും രാജിവച്ച് വിഎം സുധീരൻ