കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള ആരോപണത്തിൽ ഉറച്ച് മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ്. പലിശ വാങ്ങാതെ വായ്പ അനുവദിക്കാൻ മന്ത്രിയാണ് ഫയലിൽ എഴുതിയതെന്നും ഇതിന് രേഖാമൂലം തെളിവുണ്ടെന്നും ടിഒ സൂരജ് മാധ്യമങ്ങളോട് പറഞ്ഞു.
ഇബ്രാഹിംകുഞ്ഞ് തന്നെയാണ് തുക മുൻകൂറായി നൽകാൻ ഉത്തരവിട്ടത്. റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെന്‍റ് കോർപ്പറേഷൻ കേരളയുടെ എംഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാൻ ശുപാർശ ചെയ്‌തതെന്നും സൂരജ് പറഞ്ഞു. കൊച്ചിയിലെ ക്യാമ്പ് സിറ്റിങ്ങിന് എത്തിച്ചപ്പോഴായിരുന്നു മാധ്യമങ്ങളോടുള്ള സൂരജിന്‍റെ പ്രതികരണം. ഇബ്രാഹിംകുഞ്ഞിനെതിരെയുളള സത്യവാങ്മൂലം സൂരജ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നൽകിയിരുന്നു.
കേസിൽ ടിഒ സൂരജ് അടക്കമുള്ള നാല് പ്രതികളുടെ കസ്റ്റഡി കാലാവധി ഒക്ടോബർ മൂന്നുവരെ നീട്ടി. അതേസമയം സൂരജ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് അവധിയായതിനാലാണ് കൊച്ചിയിൽ നടക്കുന്ന ക്യാമ്പ് സിറ്റിങ്ങിലേക്ക് സൂരജ് അടക്കമുള്ളവരെ കൊണ്ടുവന്നത്.