എറണാകുളം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും മൊഴിപ്പകർപ്പ് നൽകാനാവില്ലെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. ഇത് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. രഹസ്യ സ്വഭാവമുള്ള മൊഴി കോടതി നടപടികളുടെ ഭാഗമായിട്ടില്ലെന്നും കസ്റ്റംസ് വിശദീകരിച്ചു.
കൂടുതൽ വായിക്കാൻ: മൊഴിപ്പകർപ്പ് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ്; ഹര്‍ജി വിധി പറയാന്‍ മാറ്റി
മൊഴിയുടെ പകർപ്പ് നൽകിയാൽ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഉന്നതർക്ക് ലഭിക്കുമെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. മൊഴിയുടെ പകർപ്പ് കിട്ടാൻ അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വപ്‌ന ഹൈക്കോടതിയെ സമീപിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ എസിജെഎം കോടതിയും ഈ ആവശ്യം നേരത്തെ തള്ളിയിരുന്നു.