എറണാകുളം: സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ഇന്ന് എൻഐഎ കോടതിയിൽ ഹാജരാക്കും. എൻഐഎയുടെ കസ്റ്റഡി അപേക്ഷ പരിഗണിച്ചാണ് പ്രതിയെ കോടതിയിൽ ഹാജരാക്കുന്നത്. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ അഞ്ച് പ്രതികളെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻഐഎ നേരത്തെ കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിൽ സ്വപ്‌ന സുരേഷ് ഒഴികെയുള്ള പ്രതികളെ കസ്റ്റഡിയിൽ വിട്ടിരുന്നു. സ്വപ്‌നയ്ക്ക് സാരമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന മെഡിക്കൽ റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിൽ കൂടിയാണ് സ്വപ്നയുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കുന്നത്.
നേരത്തെ സ്വപ്‌നയെ പതിമൂന്ന് ദിവസം എൻഐഎ ചോദ്യം ചെയ്തിരുന്നു. പ്രതിക്കെതിരായ പുതിയ തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ടത്. നേരത്തെ നൽകിയ അപേക്ഷയിൽ സ്വപ്‌നയോടൊപ്പം കസ്റ്റഡിയിൽ ആവശ്യപ്പെട്ട നാല് പ്രതികളെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു. സന്ദീപ്, ഷാഫി, മുഹമ്മദലി ഇബ്രാഹിം, മുഹമ്മദ് അൻവർ എന്നിവരുടെ കസ്റ്റഡി പൂർത്തിയായ ശേഷം റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. എൻഐഎയുടെ കസ്റ്റഡി അപേക്ഷ പരിഗണിച്ച് സ്വപ്‌ന സുരേഷിനെ ഇന്ന് കസ്റ്റഡിയിൽ വിടാനാണ് സാധ്യത.