എറണാകുളം: നടി അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ലോ കോളജ് വിദ്യാര്‍ഥിക്കെതിരെ നടപടി. എറണാകുളം ലോ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി വിഷ്‌ണുവിനെ സസ്‌പെന്‍ഡ് ചെയ്‌തു. സംഭവത്തില്‍ വിദ്യാര്‍ഥി നല്‍കിയ വിശദീകരണം തള്ളിയാണ് കോളജിന്‍റെ നടപടി.
കോളജില്‍ യൂണിയന്‍ പരിപാടിക്കെത്തിയപ്പോഴാണ് വിഷ്‌ണു നടിയോട് അപമര്യാദയായി പെരുമാറിയത്. വിനീത് ശ്രീനിവാസന്‍ അടക്കമുള്ളവര്‍ പങ്കെടുത്ത പരിപാടിക്കിടെ അപര്‍ണയ്‌ക്ക് പൂവ് നല്‍കാനായി വേദിയില്‍ കയറിയ വിഷ്‌ണു നടിയുടെ കൈയില്‍ പിടിച്ച് നിര്‍ബന്ധപൂര്‍വ്വം എഴുന്നേല്‍പ്പിക്കുകയും തോളില്‍ കൈയിട്ട് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
വിദ്യാർഥിയിൽ നിന്നുണ്ടായ പെരുമാറ്റത്തിൽ നടി അനിഷ്‌ടം പ്രകടിപ്പിക്കുകയും ചെയ്‌തു. സംഭവത്തിന് ശേഷം വേദിയില്‍ നിന്നിറങ്ങി പോയ യുവാവ് വീണ്ടും തിരികെയെത്തി 'താന്‍ ഒന്നും ഉദ്ദേശിച്ച് ചെയ്‌തതല്ലെന്നും അപര്‍ണയുടെ ആരാധകനായത് കൊണ്ട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണെന്നും' പറയുന്നുണ്ട്. തുടര്‍ന്ന് നടിക്ക് നേരെ വിഷ്‌ണു വീണ്ടും കൈ നീട്ടി.
എന്നാല്‍ നടി കൈ കൊടുക്കാന്‍ വിസമ്മതിച്ചതോടെ ഒപ്പമുണ്ടായിരുന്ന വിനീതിന് കൈ കൊടുക്കാൻ ശ്രമിച്ചു. വിനീതും കൈ കൊടുക്കാതെ സ്റ്റേജിൽ നിന്ന് പോകാൻ പറയുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വിവിധയിടങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കോളജിന്‍റെ നടപടി.