എറണാകുളം : കെ റെയില്‍ സര്‍വേ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. കെ റെയിൽ ഭൂമി ഏറ്റെടുക്കലിനെതിരായ ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. സർവെ നടത്താതെ ഡി.പി.ആർ എങ്ങനെ തയ്യാറാക്കിയെന്ന് ഹൈക്കോടതി ചോദിച്ചു.
എന്തൊക്കെ കാര്യങ്ങളാണ് വിശദ പദ്ധതി രേഖയ്ക്കായി പരിഗണിച്ചത്. വിശദ പദ്ധതി രേഖ എങ്ങനെ തയ്യാറാക്കി. ഡി.പി.ആർ തയ്യാറാക്കുന്നതിന് മുമ്പ് സ്വീകരിച്ച നടപടികൾ എന്തെല്ലാം എന്നീ കാര്യങ്ങള്‍ കോടതിയെ അറിയിക്കാം. എല്ലാ നിയമങ്ങളും പാലിച്ചുമാത്രമേ മുന്നോട്ടുപോകാൻ കഴിയൂവെന്നും കോടതി വ്യക്തമാക്കി.
ഏരിയല്‍ സർവേ പ്രകാരമാണ് ഡി.പി.ആർ തയ്യാറാക്കിയതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സർവേ നടപടികൾ ഇപ്പോഴും തുടരുകയാണ്. പദ്ധതിക്ക് കേന്ദ്ര സർക്കാർ തത്വത്തിൽ അനുമതി നൽകിയിരുന്നുവെന്നും സർക്കാർ അറിയിച്ചു. ഇപ്പോൾ നടക്കുന്ന സർവേ നടപടികൾ സാമൂഹ്യാഘാത പഠനത്തിന്റെ ഭാഗമാണ്. ഭൂമി ഏറ്റെടുക്കാനല്ലെന്നും സർക്കാർ അറിയിച്ചു.
Also Read: കെ-റെയിൽ; 7000 പേര്‍ക്ക് വീടുകള്‍ നഷ്‌ടമാകും, 9 ആരാധനാലയങ്ങള്‍ പൊളിച്ച് മാറ്റണം
അതേസമയം ഡി.പി.ആർ പരിശോധിക്കുകയാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കെ.റെയിൽ വിഷയത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലന്ന് കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
വിശദമായ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാറിന് കോടതി നിർദേശം നൽകി. അടുത്ത മാസം പതിനൊന്നിന് ഹർജി പരിഗണിക്കും. അതുവരെ ഹർജിക്കാരുടെ ഭൂമിയിൽ സർവേ നടപടികൾ പാടില്ലെന്നും കോടതി നിർദേശിച്ചു.