എറണാകുളം: വെള്ളം നിറഞ്ഞ് കാട് മൂടി കിടന്ന ഭൂമി കൃഷിക്ക് അനുയോജ്യമാക്കി മാറ്റിയതിന്‍റെ സന്തോഷത്തിലാണ് നിര്‍മ്മല കോളജിലെ ടൂറിസം വിഭാഗം വിദ്യാർഥികള്‍. തരിശുനില രഹിത പാമ്പാക്കുട എന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിച്ച കതിര്‍ എന്ന പദ്ധതിയുടെ ഭാഗമായാണ് വിദ്യാർഥികൾ പാടത്തേക്ക് ഇറങ്ങിയത്.
മുവാറ്റുപുഴ നിര്‍മ്മല കോളേജിലെ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്‍റ് വിദ്യാര്‍ഥികളാണ് പേനയ്ക്ക് പകരം മൺവെട്ടിയുമായി കൃഷിയുടെ പ്രായോഗിക പഠനത്തിനായി ക്ലാസ് മുറിയിൽ നിന്നും കൃഷിസ്ഥലത്ത് എത്തിയത്
മുട്ടോളമെത്തുന്ന ചെളി നിറഞ്ഞ പാടത്ത്, അട്ട കടിയേറ്റായിരുന്നു വിദ്യാർഥികൾ പാമ്പാക്കുട ചാലുനിലം പാടം കിളച്ചൊരുക്കിയത്.
വര്‍ഷങ്ങളായി തരിശുകിടക്കുന്ന ചാലുനിലം പാടശേഖരത്തില്‍ പരമ്പരാഗത കൃഷി രീതികള്‍ പരിശീലിക്കുന്നതിന്‍റെ ഭാഗമായിരുന്നു ഈ ശ്രമദാനം. ചെളിയും ആഴവും കാരണം ഉഴുതു മറിക്കൽ അസാധ്യമായതോടെയാണ് ചാലുനിലം പാടത്തു കൃഷി നിലച്ചത്. യന്ത്രങ്ങള്‍ ഇറങ്ങിയാല്‍ താഴ്ന്നു പോകുന്ന പാടത്താണ് വിദ്യാർഥികൾ കര്‍ഷകരായി മാറിയത്.
വിദ്യാർഥികൾ പാടം കിളച്ചിടുകയും, മണ്‍കട്ടയും പുല്ലും നീക്കം ചെയ്‌ത വിത്തു പാകുന്നതിനായി തയ്യാറാക്കുകയും ചെയ്‌തു. ഇതൊരു നല്ല അനുഭവമാണെന്നും നമുക്ക് എങ്ങിനെ അരി ലഭിക്കുന്നുവെന്ന് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണെന്നും വിദ്യാർഥികൾ പറയുന്നു.
ഭക്ഷണം പാഴാക്കാതിരിക്കാനും, ഭക്ഷണത്തിന്‍റെ മൂല്യം മനസിലാക്കാനും കർഷകന്‍റെ പ്രായസങ്ങൾ അറിയണമെന്നാണ് വിദ്യാർത്ഥികളുടെ അഭിപ്രായം. നിർമല കോളജിലെ ടൂറിസം വിഭാഗം ഒന്നാം വർഷം വിദ്യാർഥികളായ മുപ്പത്തിയേഴ് പേരാണ് തരിശു പാടം കൃഷിയോഗ്യമാക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളായത്.
പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ മേഖലയില്‍ തരിശുപാടങ്ങള്‍ കൃഷിയോഗ്യമാക്കുന്ന പദ്ധതി തുടങ്ങിയിരുന്നു. 10 ഹെക്‌ടറോളം സ്ഥലത്ത് പുതുതായി കൃഷിക്ക് തുടക്കം കുറിക്കുകയും ചെയ്‌തു.
എന്‍റെ പാമ്പാക്കുട' വാട്‌സാപ്പ് കൂട്ടായ്‌മ യുടെ നേതൃത്വത്തിലും തരിശു നിലങ്ങൾ കൃഷിയോഗ്യമാക്കാനുള്ള പ്രവർത്തനങ്ങള്‍ തുടരുകയാണ്.