എറണാകുളം : കൊച്ചി അമൃത ആശുപത്രിയിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. കോതമംഗലം സ്വദേശി മീനു മനോജിനെയാണ് ചൊവ്വാഴ്‌ച മരിച്ച നിലയില്‍ കണ്ടെത്തിയത്. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ കോഴ്‌സ് വിദ്യാർഥിനിയായിരുന്നു.
മീനു പഠിച്ചിരുന്ന എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ കോഴ്‌സിന്‍റെ പരീക്ഷാഫലം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ മീനു പരാജയപ്പെട്ടിരുന്നു. ഇതേ തുടർന്ന് വിദ്യാർഥിനി വലിയ മാനസിക സംഘർഷത്തിലായിരുന്നു.
പിന്നീടാണ് താമസിക്കുന്ന ഹോസ്റ്റൽ മുറിയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ സഹപാഠികൾ കണ്ടെത്തിയത്. സംഭവത്തിൽ ചേരാനെല്ലൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടം ഉൾപ്പടെയുള്ള തുടർ നടപടികൾക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
അമൽജ്യോതി എഞ്ചിനീയറിങ് കോളജിൽ വിദ്യാർഥി ആത്മഹത്യ : ഇക്കഴിഞ്ഞ ജൂണിലാണ് കോട്ടയം കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിങ് കോളജിൽ വിദ്യാർഥി ആത്മഹത്യ ചെയ്‌തത്. തൃപ്പൂണിത്തുറ സ്വദേശി ശ്രദ്ധ സതീഷിനെയാണ് കോളജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. കോളജിലെ രണ്ടാം വർഷ ഫുഡ് ടെക്‌നോളജി വിദ്യാർഥിനിയായിരുന്നു ശ്രദ്ധ. കോളജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ മാനസിക സമ്മർദമാണ് മരണത്തിന് കാരണമായതെന്ന പേരിൽ വ്യാപക വിദ്യാർഥി പ്രതിഷേധം നടന്നിരുന്നു.
എൻഐടി വിദ്യാർഥിയുടെ മരണം : ഫെബ്രുവരിയിൽ കോഴിക്കോട് എൻഐടി വിദ്യാർഥി ഹോസ്‌റ്റല്‍ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചിരുന്നു. പശ്ചിമ ബംഗാൾ സ്വദേശിയും രണ്ടാം വർഷ ഇലക്‌ട്രിക്കൽ എഞ്ചിനീയറിങ് വിദ്യാര്‍ഥിയുമായ നിധിൻ ശർമ (22) ആണ് മരിച്ചത്. പാഠ്യ വിഷയവുമായി ബന്ധപ്പെട്ട മാനസിക സംഘർഷമാണ് മരണത്തിലേക്ക് നയിച്ചതെണ് പ്രാഥമികമിക നിഗമനം. മരണത്തെ കുറിച്ച് സുഹൃത്തുക്കൾക്ക് വാട്‌സ്‌ആപ്പ് സന്ദേശമയച്ച ശേഷം കെട്ടിടത്തിന്‍റെ അഞ്ചാം നിലയിൽ നിന്ന് ചാടുകയായിരുന്നു.
Read More : കോഴിക്കോട് എൻഐടിയില്‍ കെട്ടിടത്തിൽ നിന്നും ചാടി വിദ്യാര്‍ഥി മരിച്ച നിലയില്‍
ഹൈദരാബാദ് ഐഐടിയിൽ വിദ്യാർഥികളുടെ ആത്മഹത്യ : ഓഗസ്‌റ്റ് ഏഴിന് മാനസിക സമ്മർദം മൂലം ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ(ഐഐടി) വിദ്യാർഥിനി ആത്മഹത്യ ചെയ്‌ത വാർത്ത പുറത്തുവന്നിരുന്നു. എം.ടെക്ക് ഒന്നാം വർഷ വിദ്യാർഥിയും ഒഡിഷ സ്വദേശിനിയുമായ മമിതയെ(21) ആണ് ഹോസ്‌റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹപാഠികളാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടത്. മാനസിക പിരിമുറുക്കം മൂലമാണ് ആത്മഹത്യയെന്നും മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും എഴുതിയ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ കുറിപ്പ് മുറിയില്‍ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു.
ഒരു മാസത്തിനുള്ളില്‍ ഹൈദരാബാദ് ഐഐടിയിൽ വിദ്യാര്‍ഥിയുടേതായി നടന്ന രണ്ടാമത്തെ ആത്മഹത്യയാണിത്. ജൂലൈ 17ന് ഐഐടി ബി.ടെക് (മെക്കാനിക്കൽ) രണ്ടാം വർഷ വിദ്യാർഥിയും ഹൈദരാബാദ് സ്വദേശിയുമായ കാർത്തിക്(21) വിശാഖപട്ടണത്തുളള കടലിൽ ചാടി ആത്മഹത്യ ചെയ്‌തിരുന്നു. വിശാഖപട്ടണം ബീച്ചിൽ നിന്ന് ജൂലൈ 25 നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.