എറണാകൂളം: തൃക്കാക്കരയിൽ നായ്ക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ ഇന്ന് ചോദ്യം ചെയ്യും. സ്റ്റേഷനിൽ ഹാജരാകണമെന്ന് ഇൻഫോപാർക്ക് പൊലീസാണ് ഇയാളോട് ആവശ്യപ്പെട്ടിരിക്കുന്നത്. നായകളെ കൊലപ്പെടുത്താൻ ഏല്പിച്ചതും കുത്തിവെയ്ക്കാനുള്ള വിഷം ഉൾപ്പടെ എല്ലാം തയ്യാറാക്കിയതും നഗരസഭ ഉദ്യോഗസ്ഥരാണെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയിരുന്നു.
ഉദ്യോഗസ്ഥനെ ചോദ്യം ചെയ്താൽ സംഭവത്തിൽ നഗരസഭയുടെ പങ്ക് സംബന്ധിച്ച് വ്യക്തതയുണ്ടാവുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്. അതേസമയം സംഭവത്തിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും പ്രതികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്ശേഷം റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കും.
Also read: ട്രെയിനിൽ നിന്ന് 18 കിലോ കഞ്ചാവ് പിടികൂടി
എന്നാൽ നായകളെ കൊല്ലാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് നഗരസഭയുടെ വിശദീകരണം. കമ്പിയിൽ കുരുക്കി കൊല്ലുന്നതിനെ നാട്ടുകാർ ചോദ്യം ചെയ്തപ്പോഴും നഗരസഭയുടെ നിർദ്ദേശപ്രകാരമാണ് നായ്ക്കളെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ വെളിപ്പെടുത്തിയിരുന്നു. മൂന്നംഗ സംഘം നായ്ക്കളുടെ കഴുത്തിൽ കമ്പി കുരുക്കുകയും പിന്നീട് വിഷം കുത്തിവച്ച് കൊലപ്പെടുത്തിയതിന് ശേഷം വാനിലേക്ക് വലിച്ചെറിയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
ഇതേ തുടർന്ന് മൃഗസ്നേഹികളുടെ സംഘടനയായ എസ്‌പി സിഎയുടെ പരാതിയിൽ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു. കൊലപ്പെടുത്തിയ നായക്കളെ തൃക്കാക്കര നഗരസഭയോട് ചേർന്നുള്ള പറമ്പിൽ കുഴിച്ചിട്ടതായി പിന്നീട് കണ്ടെത്തി. നായ്ക്കളെ പുറത്തെടുത്ത് പോസ്‌റ്റ്‌മോർട്ടം നടത്തിയതിന് ശേഷമാണ് സംസ്കരിച്ചത്.