എറണാകുളം: അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചാമ്പ്യൻപട്ടം നേടിയ കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്‌കൂളിന് വന്‍ സ്വീകരണം. 62 പോയിന്‍റ് നേടി സ്‌കൂള്‍ തലത്തിൽ സംസ്ഥാനത്ത് ഒന്നാമതെത്തിയ മാർബേസിൽ സ്കൂളിന് നഗരസഭയുടെ നേതൃത്വത്തിൽ കോതമംഗലം പൗരാവലിയാണ് സ്വീകരണം നൽകിയത്. മാർതോമ ചെറിയ പള്ളിയങ്കണത്തിൽ നിന്ന് ട്രോഫികളുമായി പ്രകടനമായാണ് കായിക താരങ്ങളെയും കായിക അധ്യാപകരെയും സ്വീകരണ വേദിയിലേക്ക് ആനയിച്ചത്.
മുൻസിപ്പൽ ജംഗ്ഷനിൽ എത്തിച്ചേർന്ന കായികതാരങ്ങളെ നഗരസഭാ ചെയർപേഴ്സൺ മഞ്ജു സിജുവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. മികച്ച പ്രകടനം നടത്തിയ കായിക താരങ്ങൾക്ക് ക്യാഷ് അവാർഡും ട്രോഫികളും വിതരണം ചെയ്തു. കായിക പട്ടം തിരിച്ചു പിടിച്ചെങ്കിലും വിജയമാവർത്തിക്കണമെങ്കിൽ സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് കായിക അധ്യാപകരും കായികതാരങ്ങളും പറഞ്ഞു.