എറണാകുളം: കിയാൽ ഒരു സ്വകാര്യ കമ്പനിയാണെന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് വ്യക്തമാക്കി സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. പുതിയ കമ്പനി നിയമമനുസരിച്ച് സർക്കാർ ഓഹരികൾ ഉണ്ടെങ്കിലും സ്വകാര്യ കമ്പനിയായി കണക്കാക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്നും കിയാലുമായി ബന്ധപ്പെട്ട് കേന്ദ്ര നിർദ്ദേശം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.
സർക്കാരിന് കിട്ടിയ നിയമോപദേശം, കമ്പനി നിയമത്തിൽ മാറ്റം വരുത്തിയപ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി സർക്കാർ കമ്പനിയാണോ എന്ന് നിർണയിക്കുന്നതിന് ഉപയോഗപ്പെടുത്തേണ്ടതില്ല എന്നുള്ളതാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കിയാൽ ഡയറക്ടർ ബോർഡ് തീരുമാനം എടുത്തത്. ഇത് എജിയുടെ ഓഫീസ് അംഗീകരിച്ചതാണ്. ഇതിന് വിരുദ്ധമായി കേന്ദ്രത്തിൽ നിന്നും നിർദ്ദേശങ്ങൾ വന്നിട്ടുണ്ടെങ്കിൽ പരിശോധിച്ചതിനുശേഷം മറുപടി നൽകാമെന്നും തോമസ് ഐസക് പറഞ്ഞു.
കണ്ണൂർ വിമാനത്താവളം സ്വകാര്യ കമ്പനിയാണെന്ന സംസ്ഥാന സർക്കാർ വാദം തള്ളിയ കേന്ദ്രസർക്കാർ നടപടി സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ കമ്പനിയാണെന്ന വാദം ഉയർത്തി സിഎജി ഓഡിറ്റ് തടഞ്ഞ വിമാനത്താവള കമ്പനിയുടെ നടപടി നിയമ വിരുദ്ധമാണെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് നിലപാട് സർക്കാരിനെയും കണ്ണൂർ വിമാനത്താവള കമ്പനിയെയും അറിയിച്ചത്.