എറണാകുളം : ഒളിമ്പിക്‌സ് ഹോക്കിയില്‍ ടോക്കിയോയില്‍ ഇന്ത്യന്‍ ടീം വെങ്കലമെഡൽ നേടിയതിന്‍റെ ആഹ്ളാദത്തിലാണ് പി.ആർ. ശ്രീജേഷിന്‍റെ കുടുംബം. ഗോള്‍ കീപ്പറായ ശ്രീജേഷിന്‍റെ നിര്‍ണായക സേവുകളാണ് കരുത്തരായ ജര്‍മനിക്കെതിരെ ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.
എറണാകുളം കിഴക്കമ്പലത്തെ പി.ആർ. ശ്രീജേഷിന്‍റെ വീട്ടിൽ രാവിലെ മുതല്‍ ആശങ്കയുടെയും പിരിമുറുക്കത്തിന്‍റെയും നിമിഷങ്ങളായിരുന്നു. താരത്തിന്‍റെ മാതാപിതാക്കളും ഭാര്യയുമുൾപ്പടെയുള്ളവർ പ്രാർഥനകളോടെയാണ് മത്സരം കണ്ടത്. ജർമനി ആദ്യം ലീഡ് നേടിയെങ്കിലും ഇന്ത്യൻ ടീം ഒപ്പമെത്തിയതോടെ ആശങ്കയകന്നു.
- ടീമിന്‍റെ രക്ഷകരായി ശ്രീജേഷും ഹർമന്‍പ്രീതും
രണ്ട് ഗോളിന് ഇന്ത്യ ലീഡ് നേടിയതോടെ പ്രതീക്ഷയേറി. എന്നാൽ അവസാന ക്വാർട്ടറിൽ ലീഡ് നില ഒന്നായി ചുരുങ്ങിയതോടെ സമ്മർദ നിമിഷങ്ങളായിരുന്നു.
അവസാന നിമിഷം ജർമനിക്ക് അനുകൂലമായ പെനാൾട്ടിയിൽ നിന്നും ഇന്ത്യൻ ടീമിന്‍റെ രക്ഷകനായി ശ്രീജേഷ് മാറിയതോടെ കുടുംബത്തിന്‍റെ സന്തോഷം അണപൊട്ടി.
ഇന്ത്യയുടെ വിജയത്തിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമുണ്ടെന്ന് ശ്രീജേഷിന്‍റെ ഭാര്യ ഡോ.അനീഷ്യ ഇ.ടി. വി. ഭാരതിനോട് പറഞ്ഞു. ഇന്ത്യൻ ടീം നന്നായി കളിച്ചു. ഈ വിജയം ശ്രീജേഷിന്‍റെ കഠിനാധ്വാനത്തിന്‍റെ ഫലമാണന്നും അനീഷ്യ പറഞ്ഞു.
ഏറെ അഭിമാനമുണ്ടെന്നും എല്ലാവരോടും നന്ദി രേഖപ്പെടുന്നുവെന്നും അച്ഛൻ രവീന്ദ്രനും സന്തോഷം പങ്കിട്ടു. സ്വർണത്തേക്കാള്‍ മികച്ചതാണ് ഈ വെങ്കല നേട്ടമെന്ന് അമ്മ ഉഷ പറഞ്ഞു. നെഞ്ചിടിപ്പോടെയാണ് മത്സരം കണ്ടതെന്നും അവര്‍ പ്രതികരിച്ചു.
- മെഡൽ നേട്ടം നാല് പതിറ്റാണ്ടുകൾക്ക് ശേഷം
നാല് പതിറ്റാണ്ടിനിപ്പുറം ശ്രീജേഷും സംഘവും ഇന്ത്യയ്ക്കുവേണ്ടി ഒളിമ്പിക്സ് മെഡൽ നേടിയെടുത്തതോടെ ആശങ്ക ആഹ്ളാദ പ്രകടനങ്ങളിലേക്ക് വഴിമാറി. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും മധുരം നൽകിയും ശ്രീജേഷിന്‍റെ കുടുംബം ടീമിന്‍റെ ചരിത്ര നേട്ടം ആഘോഷമാക്കി.
1972ൽ മാനുവൽ ഫ്രെഡറിക് ഉൾപ്പെട്ട ഹോക്കി ടീം വെങ്കലം നേടിയശേഷം കേരളീയർക്ക് ഒളിമ്പിക്സ് വേദിയിൽ അഭിമാനാർഹമായ നേട്ടമാണ് പി.ആർ ശ്രീജേഷിന്‍റെ സാന്നിധ്യത്തിലൂടെ ലഭിച്ചത്.
- ഇന്ത്യൻ ഹോക്കി ടീമിന്‍റെ നായകനായ ആദ്യ മലയാളി
എറണാകുളത്തെ പള്ളിക്കരയെന്ന ഗ്രാമത്തിൽനിന്ന് നിന്നുയര്‍ന്നുവന്ന് ഇന്ത്യൻ നായകസ്ഥാനം വരെ കയ്യാളിയ ഏക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ശ്രീജേഷ്.ഇന്ത്യൻ ഹോക്കിയുടെ നായകനാകുന്ന ആദ്യ മലയാളിയും.
വമ്പൻ ടീമുകൾക്കെതിരായ എത്രയോ മത്സരങ്ങളിൽ ഇന്ത്യയുടെ വിജയശില്പിയാകാനും ഈ ഗോൾകീപ്പർക്ക് കഴിഞ്ഞിട്ടുണ്ട്. ഒന്നരപ്പതിറ്റാണ്ടായി ഇന്ത്യയുടെ ഗോള്‍വല കാക്കുന്നു ശ്രീജേഷ്.
2006ലാണ് ശ്രീജേഷ് ദേശീയ ടീമിന്‍റെ ഭാഗമായത്. ലണ്ടൻ, റിയോ ഒളിമ്പിക്‌സ് വേദികളിലും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്‌ചവച്ചത്. റിയോയിൽ ക്വാർട്ടർവരെ എത്തിയ ടീമിന്‍റെ ക്യാപ്‌റ്റനുമായിരുന്നു.
ടോക്കിയോയില്‍ സെമി ഫൈനൽ വരെ ഇന്ത്യൻ ടീമിനെ എത്തിച്ചതിലും താരത്തിന്‍റേത് നിർണായക സ്ഥാനം. രാജ്യം 2015 ൽ അർജുന അവാർഡും, 2017 ൽ പത്മശ്രീ പുരസ്കാരവും നൽകി ശ്രീജേഷിനെ ആദരിച്ചിട്ടുണ്ട്.