എറണാകുളം: കൊവിഡ് വിവര വിശകലനത്തിനായി കേരളത്തിൽ നിന്നും ശേഖരിച്ച വിവരങ്ങൾ നശിപ്പിച്ചുവെന്ന് സ്പ്രിംഗ്ലർ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത് പ്രകാരം ഈ മാസം 16 നാണ് ഡാറ്റകൾ സെർവറിൽ നിന്നും സ്ഥിരം സ്വഭാവത്തോടെ നീക്കം ചെയ്തത്. ഈ ഡാറ്റകൾ സൂക്ഷിക്കുന്നത് നിയമപരമല്ലാത്തതിനാലാണ് തിരിച്ചെടുക്കാൻ കഴിയാത്ത വിധം കമ്പനി സർവറിൽ നിന്ന് നീക്കം ചെയ്തത്. സ്പ്രിംഗ്ലർ കമ്പനിയുടെ പ്രതിനിധി ഡാൻ ഹാലിയാണ് ഇതു സംബന്ധിച്ച സത്യവാങ്‌മൂലം ഹൈക്കോടതിയിൽ സമർപ്പിച്ചത്.
നേരത്തെ വിവര ശേഖരണത്തില്‍ വ്യക്തത തേടി സമർപ്പിച്ച ഹർജി പിൻവലിക്കുന്നതായും സ്പ്രിംഗ്ലര്‍ ഹൈക്കോടതിയെ അറിയിച്ചു. ശേഖരിച്ച ഡാറ്റകൾ സി.ഡിറ്റിന് കൈമാറിയെന്നും കമ്പനി അറിയിച്ചു. ഇതിനു ശേഷമാണ് വിവരങ്ങൾ നശിപ്പിക്കണമെന്ന നിർദേശം സർക്കാർ സ്പ്രിംഗ്ലറിന് നൽകിയത്. സ്വകാര്യ കമ്പനിയെ കൊവിഡ് ഡാറ്റാ വിശകലത്തിന് സർക്കാർ ഏല്‍പ്പിച്ചത് വലിയ വിവാദമായിരുന്നു. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ സ്വകാര്യ കമ്പനിക്ക് കൈമാറുന്നതിനെതിരെ ഹൈക്കോടതിയും ശക്തമായ നിലപാട് എടുത്തിരുന്നു. ഇതേതുടർന്നാണ് സർക്കാർ വിവര വിശകലനം സി.ഡിറ്റിനെ ഏല്‍പ്പിച്ചത്.