എറണാകുളം : നടിയെ ആക്രമിച്ച കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജി സന്നദ്ധത അറിയിച്ചു. കേസിൽ തുടരാൻ താൽപര്യമില്ലെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. വി.എൻ അനിൽകുമാർ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ അറിയിക്കുകയായിരുന്നു.
നടിയെ ആക്രമിച്ച കേസിലെ ആദ്യത്തെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എ. സുരേശന്‍ നേരത്തെ രാജിവച്ചിരുന്നു. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന ഗുരുതര ആരോപണമുന്നയിച്ചായിരുന്നു അദ്ദേഹം രാജിവച്ചത്. അദ്ദേഹം വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളിയിരുന്നു.
സുപ്രീം കോടതിയും ഹൈക്കോടതി വിധി അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ വർഷം നവംബറിൽ അഡ്വ. എ.സുരേശൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ സ്ഥാനം ഒഴിഞ്ഞത്. തുടർന്ന് ഈ വർഷം ജനുവരിയിൽ സർക്കാർ അനിൽകുമാറിനെ നിയമിച്ച് വിചാരണ നടപടികൾ പുനരാംരംഭിക്കുകയായിരുന്നു.
ALSO READ:'വരുന്നു കൊവിഡ് സുനാമി'; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
അതേസമയം കേസിലെ എട്ടാം പ്രതി നടൻ ദിലീപിനെതിരെ സംവിധായകൻ പി. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ വിചാരണ നിർത്തിവച്ച് കേസിൽ തുടരന്വേഷണം വേണമെന്ന് പ്രോസിക്യൂഷൻ ബുധനാഴ്ച കോടതിയിൽ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന തെളിയിക്കാൻ സഹായകമാകുന്നതാണ് പുറത്തുവന്ന വിവരങ്ങൾ എന്നാണ് അപേക്ഷയിലെ വാദം.
കേസിലെ ഒന്നാം പ്രതി പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമെത്തിയതിനെ കുറിച്ച് അന്വേഷിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചുവെന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ അന്വേഷണം വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
ക്രിമിനൽ നടപടി ചട്ടം 173(8) പ്രകാരം അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്. പിന്നാലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്നും അനിൽകുമാർ അറിയിച്ചു. ഇതോടെ ഒരു കേസിൽ രണ്ടാമത്തെ സ്പെഷ്യൽ പ്രോസിക്യൂട്ടറും പിന്മാറുന്ന അസാധാരണമായ സാഹചര്യമാണുണ്ടായത്.
അതേസമയം കേസിൽ സാക്ഷിവിസ്താരം ഏതാണ്ട് പൂർത്തിയാക്കുകയും ഫെബ്രുവരി മാസം വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീംകോടതി നിർദേശം നിലനിൽക്കുകയും ചെയ്യുന്ന സാചര്യത്തിൽ തുടരന്വേഷണമെന്ന ആവശ്യത്തിൽ വിചാരണ കോടതി നിലപാട് നിർണായകമാണ്.