എറണാകുളം: സോളാർ പീഡനക്കേസിലെ സിബിഐ അന്വേഷണത്തിൽ അതൃപ്‌തിയുമായി പരാതിക്കാരി ഹൈക്കോടതിയിൽ. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സിബിഐ അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ലൈംഗിക പീഡന പരാതിയിൽ ഉന്നയിച്ചിരുന്ന പ്രമുഖ നേതാക്കൾക്ക് നേരെ അന്വേഷണം എത്താത്ത സാഹചര്യവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കോൺഗ്രസ് നേതാക്കളായ കെസി വേണുഗോപാൽ, ഹൈബി ഈഡൻ, ബിജെപി നേതാവ് എപി അബ്‌ദുള്ള കുട്ടി എന്നിവർക്കെതിരെ മാത്രം അന്വേഷണം ഒതുങ്ങിയതായും മറ്റുള്ളവർ സുരക്ഷിതരായി നിലകൊള്ളുകയാണ് എന്നുമാണ് ഹർജിക്കാരിയുടെ ആക്ഷേപം. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ 18 പേരുണ്ടായിരുന്നു. ബാക്കി 14 പേർക്കെതിരെ കൂടി അന്വേഷണം നടത്താൻ സിബിഐ സംഘത്തിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഹർജി.
ചാണ്ടി ഉമ്മൻ, ജോസ് കെ മാണി, രമേശ് ചെന്നിത്തല, അടൂർ പ്രകാശ്, മുൻ മന്ത്രി എപി അനിൽ കുമാർ എന്നിവരടക്കം 14 പേർക്കെതിരെ കൂടി അന്വേഷണം വ്യാപിപ്പിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ വർഷമാണ് സോളാർ പീഡന പരാതിയിൽ അന്വേഷണം സിബിഐയ്‌ക്ക് വിട്ടത്. തുടർന്ന്, പരാതിയിന്മേൽ ആറ് കേസുകൾ രജിസ്റ്റര്‍ ചെയ്‌ത സിബിഐ ഒരു കേസിൽ തിരുവനന്തപുരം സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ചൂഷണത്തിനു പുറമെ ലൈംഗിക പീഡനവും നടന്നെന്നായിരുന്നു പരാതി.