എറണാകുളം: ജില്ലയിൽ സിൽവർലൈൻ സർവേ നടപടികൾ താത്കാലികമായി നിർത്തിവച്ചു. പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് സർവേ നിർത്തിയത്. പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്നും ഈ സാഹചര്യത്തില്‍ സർവെ നടപടികൾ പൂർത്തിയാക്കാൻ കഴിയില്ലന്നും സർവെ ഏജൻസി കെ-റെയിൽ അധികൃതരെ അറിയിച്ചു.
ആലുവയിലും ചോറ്റാനിക്കരയിലും പ്രതിഷേധത്തെ തുടർന്ന് സർവേ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ചോറ്റാനിക്കരയിൽ സ്ഥാപിച്ച സർവേ കല്ലുകൾ മൂന്ന് തവണയാണ് തോട്ടിലെറിഞ്ഞത്. ഇവിടെ സർവേ ഉപകരണങ്ങൾ തട്ടിയെടുക്കാനും ജീവനക്കാരെ കൈയേറ്റം ചെയ്യാനും ശ്രമിച്ചിരുന്നു.
സമാനമായ രീതിയിലായിരുന്നു ആലുവയിലും പ്രതിഷേധം. ഈയൊരു സാഹചര്യം കൂടി കണക്കിലെടുത്താണ് താത്കാലികമായി സർവേ നിർത്തിയത്. ജില്ലയിൽ ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്‍റെ നേതൃത്വത്തിലാണ് കോൺഗ്രസ് പ്രവർത്തകർ സർവേ തടസപ്പെടുത്തുകയും സർവേ കല്ലുകൾ പിഴുതെറിയുകയും ചെയ്തത്.
ചോറ്റാനിക്കരയിൽ ബി.ജെ.പിയും സർവേ നടപടികൾ തടയാൻ രംഗത്തുണ്ട്. ചോറ്റാനിക്കരയിൽ പന്തൽ കെട്ടി സർവെക്കെതിരെ സമരവും കോൺഗ്രസ് തുടങ്ങിയിട്ടുണ്ട്. സിൽവർലൈൻ പദ്ധതിക്ക് വേണ്ടി നിരവധി വീടുകളും കൃഷി ഭൂമിയും നഷ്‌ടമാകുന്ന സാഹചര്യമാണ് ചോറ്റാനിക്കരയിൽ ഉള്ളത്.