എറണാകുളം : 2019 ഓഗസ്റ്റിൽ തട്ടിക്കൊണ്ടു വന്ന മൈസൂരു സ്വദേശിയായ ഷാബ ഷെരീഫെന്ന നാട്ടുവൈദ്യനെ തടവിൽ പാർപ്പിച്ച്
2020 ഒക്ടോബറിൽ കൊന്ന് കഷണങ്ങളാക്കി ചാലിയാറിൽ ഒഴുക്കിയ കേസിൽ മുഖ്യ പ്രതി ഷൈബിൻ അഷ്റഫിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. (Shaba Shareef Case: High Court Rejected Main Culprit's Bail Application) മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി ചോർത്താനായിരുന്നു കൊലപാതകം നടത്തിയത്. മൈസൂരുവിലെ വീട്ടിൽ നിന്ന് ഷാബ ഷെരീഫിനെ തട്ടിക്കൊണ്ട് വന്ന് ഒരു വർഷത്തോളം വീട്ടുതടങ്കലിലാക്കി പീഡിപ്പിച്ച ശേഷമാണ് കൊലപാതകം നടത്തിയത്.
വധവുമായി നേരിട്ട് ബന്ധമുള്ള ഒൻപത് പേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. 13പേരാണ് കേസിൽ ആകെ പ്രതികൾ. ക്യത്യം നടന്ന് 88ാം നാൾ പൊലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. സാഹചര്യ തെളിവുകളും തൊണ്ടി മുതലുകളും ഉപയോഗിച്ച് കേസ് തെളിയിക്കാമെന്നായിരുന്നു പൊലീസിന്‍റെ കണക്കുകൂട്ടൽ (Shaba Shareef Murder Case).
എന്നാൽ ഷൈബിനെ വീട്ടിൽ കയറി ഒരു സംഘം ആളുകൾ മർദിച്ച സംഭവമാണ് കേസിൽ വഴിത്തിരിവായത്. കവർച്ച കേസിലെ പ്രതികൾ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുമ്പിൽ നടത്തിയ ആത്മഹത്യ ഭീഷണിയിൽ നിന്നാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. 2022 മെയ് 8 നാണ് ഷാബ ഷെരീഫിന്‍റെ കൊലപാതകത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
മ്യതദേഹം വെട്ടിമുറിച്ച ശുചിമുറിയിൽ നിന്നുള്ള പൈപ്പ്, ശുചി മുറി പുതുക്കി പണിഞ്ഞപ്പോൾ മാറ്റിയ ടൈൽ എന്നിവയിൽ നിന്നുള്ള രക്‌തക്കറ, മറ്റ് തൊണ്ടി മുതലുകൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ കേസിൽ നിർണായക തെളിവുകളായിരുന്നു.