എറണാകുളം: പീഡനക്കേസിൽ പ്രതിയായ വിജയ് ബാബുവിന്‍റെ പാസ്പോർട്ട് റദ്ദായതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു. മെയ് 24നകം കേരളത്തില്‍ തിരിച്ചെത്തിയില്ലെങ്കിൽ റെഡ് കോർണർ നോട്ടിസ് ഇറക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കമ്മിഷണർ അറിയിച്ചു. പാസ്പോർട്ട് റദ്ദായതോടെ ഈ പാസ്പോർട്ടിൽ ഇഷ്യൂ ചെയ്‌ത വിസകളെല്ലാം റദ്ദാകും.
ഇക്കാര്യം അതത് രാജ്യങ്ങളിലെ എംബസികളെ വിദേശകാര്യ മന്ത്രാലയം വഴി അറിയിച്ചുവെന്നും സി.എച്ച്. നാഗരാജു വ്യക്തമാക്കി. അതേസമയം വിജയ് ബാബു ദുബായിൽ നിന്നും മറ്റൊരു രാജ്യത്തേക്ക് കടന്നതായി സൂചനയുണ്ട്.
അത് എവിടെയാണെന്ന് കണ്ടെത്തി ആ രാജ്യത്തെ എംബസിയേയും അറിയിക്കും. യാത്രാരേഖകൾ റദ്ദായ സാഹചര്യത്തിൽ വിജയ് ബാബുവിന് മറ്റ് രാജ്യങ്ങളിലേക്ക് പോകാനാകില്ല.
2022 മെയ് 19ന് എത്താമെന്നായിരുന്നു വിജയ് ബാബു പൊലീസിനെ അറിയിച്ചിരുന്നതെങ്കിലും അത് പാലിച്ചില്ല. 24ന് എത്താമെന്നാണ് പാസ്പോർട്ട് ഓഫിസറെ അറിയിച്ചത്. അതുവരെ കാത്തിരിക്കുകയാണെന്നും അതിനു ശേഷം റെഡ് കോർണർ നോട്ടിസ് ഇറക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി.
വിജയ് ബാബു ബിസിനസ് ടൂറിലാണെന്നാണ് പൊലീസിനെ അറിയിച്ചത്. യു.എ.ഇ പൊലീസിന്‍റെ സഹായത്തോടെ പ്രതിയെ കണ്ടെത്താനുള്ള ശ്രമം വിജയിച്ചില്ലെന്നും കമ്മിഷണർ പറഞ്ഞു.