എറണാകുളം: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഭുൽ ഖോഡ പട്ടേലിന്‍റെ ഭരണപരിഷ്‌കാരങ്ങൾക്കെതിരെയുള്ള പ്രതിഷേധം ശക്തമാക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം. ജനകീയ പ്രതിഷേധവും നിയമ പോരാട്ടവും നടത്താൻ കൊച്ചിയിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
പ്രത്യക്ഷ സമര പരിപാടികളുടെ ഭാഗമായി ദ്വീപ് നിവാസികൾ ഈ മാസം ഏഴിന് 12 മണിക്കൂർ ജനകീയ നിരാഹാരം അനുഷ്‌ഠിക്കും. മുഴുവൻ ദ്വീപുകളിലെയും ജനങ്ങളെ പ്രതിഷേധ സമരത്തിൽ പങ്കാളികളാക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ തീരുമാനം. ഇതിന്‍റെ ഭാഗമായി മുഴുവൻ ദ്വീപുകൾ കേന്ദ്രീകരിച്ചും ഫോറത്തിന്‍റെ ഉപ കമ്മിറ്റികൾക്ക് രൂപം നൽകും. അതാത് ജില്ലാ പഞ്ചായത്തുകളുടെ നേതൃത്വത്തിലായിരിക്കും കമ്മിറ്റികൾ രൂപീകരിക്കുക. അങ്ങനെ മുഴുവൻ ദ്വീപുകളെയും ഏകോപിപ്പിച്ച് പ്രതിഷേധം ശക്തമാക്കാനാണ് ഉദ്ദേശിക്കുന്നത്.
അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ കൂടുതൽ കടുത്ത പ്രതിഷേധങ്ങളിലേക്ക് നീങ്ങുമെന്നു ദ്വീപ് എം.പി മുഹമ്മദ് ഫൈസൽ വ്യക്തമാക്കി. കൂടാതെ ഹൈക്കോടതിയിൽ നിയമ പോരാട്ടത്തിനായി നിയമ വിദഗ്‌ധർ ഉൾപ്പെടുന്ന സമിതി രൂപീകരിക്കും. കേരളത്തിൽ നിന്ന് ഉൾപ്പടെ ലഭിക്കുന്ന വലിയ പിന്തുണക്ക് സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികൾ നന്ദി അറിയിച്ചു.