എറണാകുളം: വഴിയരികിൽ ബിരിയാണി വില്പന നടത്തി വാർത്തകളിലിടം നേടിയ ട്രാൻസ്ജെൻഡർ സജ്‌ന ഷാജിയുടെ ഹോട്ടൽ 'സജ്‌ന കിച്ചൺ' പ്രവർത്തനം തുടങ്ങി. കൊച്ചിയിൽ നടൻ ജയസൂര്യ ഹോട്ടലിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഹോട്ടൽ തുടങ്ങുന്നതിനാവശ്യമായ സാമ്പത്തിക സഹായവും ജയസൂര്യ നൽകിയിരുന്നു. ഇതോടെയാണ് ഹോട്ടൽ യാഥാർത്ഥ്യമായത്.
സജ്‌നയെന്ന പോരാളിയുടെ സ്വപ്‌നത്തിന്‍റെ കൂടെ നിൽക്കാൻ കഴിഞ്ഞതാണ് തന്‍റെ സന്തോഷമെന്ന് ജയസൂര്യ പറഞ്ഞു. ഞാൻ മേരിക്കുട്ടിയെന്ന സിനിമ ചെയ്‌തതോടെയാണ് ട്രാൻസ് ജെൻഡർ സമൂഹത്തിന്‍റെ ജീവിതം കൂടുതലായി മനസിലാക്കിയത്. അതിന് ശേഷമാണ് നിരവധി ട്രാൻസ് ജെൻഡർ സുഹൃത്തുക്കളെ തനിക്ക് ലഭിച്ചത്. അവർക്ക് ഏതെങ്കിലും തരത്തിലുള്ള കുറവുകളുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ല. സമൂഹത്തിന്‍റെ കാഴ്‌ചപ്പാടാണ് മാറേണ്ടതെന്നും ജയസൂര്യ പറഞ്ഞു. ഒരുപാട് സന്തോഷമുണ്ടെന്നും തന്‍റെ മുന്നിൽ നിൽക്കുന്ന ദൈവമാണ് ജയസൂര്യയെന്നും സജ്‌ന ഷാജി പ്രതികരിച്ചു. പ്രതിസന്ധികൾക്കിടയിലും കൂടെ നിന്നു. തന്‍റെ സ്വപ്‌നം സാക്ഷാത്കരിച്ചു തന്നത് ജയസൂര്യയാണെന്നും സജ്‌ന ഷാജി പറഞ്ഞു. വി.ഡി.സതീഷൻ എം.എൽ.എയും ചടങ്ങിൽ പങ്കെടുത്തു.
ലോക്ക് ഡൗൺ വേളയിലാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സജ്‌ന തൃപ്പൂണിത്തുറയിൽ ബിരിയാണി വില്‌പന തുടങ്ങിയത്. എന്നാൽ ചിലർ ഇത് തടസപ്പെടുത്തിയത് സാമൂഹ മാധ്യമങ്ങളിലൂടെ സജ്‌ന വ്യക്തമാക്കിയിരുന്നു. ഇതോടെ പിന്തുണയുമായി നിരവധി പേരാണെത്തിയത്. ബിരിയാണി വില്‌പന പുനരാരംഭിക്കുകയും നല്ലനിലയിൽ മുന്നോട്ട് പോവുകയും ചെയ്‌തു. എന്നാൽ ഇതിനെതിരെ വിമർശനവുമായി മറ്റൊരു ട്രാൻസ് ജെൻഡർ രംഗത്തെത്തിയതോടെ സജ്‌ന ആത്മഹത്യ ശ്രമിച്ചിരുന്നു. ചിക്തസയെ തുടർന്നാണ് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ഇതിനെല്ലാം ശേഷമാണ് നടൻ ജയസൂര്യയുടെ സഹായത്തോടെ സജ്‌നയുടെ ഹോട്ടൽ എന്ന സ്വപ്‌നം യാഥാർത്ഥ്യമായത്.