കൊച്ചി: സീറോ മലബാർ സഭയിലെ വ്യാജരേഖ കേസിൽ ഫാദർ പോൾ തേലക്കാട്ടിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. രാവിലെ 11 മണിയോടെ ആലുവ ഡിവൈഎസ്പി ഓഫീസിൽ നേരിട്ടെത്തി മൊഴി നൽകുകയായിരുന്നു. ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂര്‍ നീണ്ടു നിന്നു.
അഞ്ച് വൈദികർക്കും അഭിഭാഷകനും ഒപ്പമാണ് പോൾ തേലക്കാട്ട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. എറണാകുളം അങ്കമാലി അതിരൂപത വൈദിക സമിതി സെക്രട്ടറി ഫാദർ കുര്യാക്കോസ് മുണ്ടാടൻ, ഫാദർ അഗസ്റ്റിൻ വട്ടോളി, അങ്കമാലി അതിരൂപത പ്രൊക്യൂറേറ്റര്‍ ഫാദർ സെബാസ്റ്റ്യൻ എന്നിവരടക്കമുള്ള വൈദികരാണ് ഒപ്പമുണ്ടായിരുന്നത്. കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ ബാങ്ക് രേഖകൾ നിർമ്മിച്ചുവെന്ന പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സിനഡിന് വേണ്ടി സഭയുടെ മീഡിയ മിഷൻ ഡയറക്ടർ ഫാദർ ജോബി മാപ്രകാവിൽ നൽകിയ പരാതിയിലാണ് പോൾ തേലക്കാട്ടിനും ബിഷപ് ജേക്കബ് മനത്തോടത്തിനുമെതിരെ പൊലീസ് കേസെടുത്തത്.
അതേസമയം പോൾ തേലക്കാട്ടിനോട് സഭ നീതി കാട്ടിയില്ലെന്ന് അതിരൂപത വൈദിക സമിതി സെക്രട്ടറി ഫാദർ കുര്യാക്കോസ് മുണ്ടാടൻ വിമർശിച്ചു. ആഭ്യന്തര അന്വേഷണം നടത്താതെ കേസ് നൽകിയത് ശരിയായില്ല. സഭ പോൾ തേലക്കാട്ടിനെ നിയമ നടപടിയിലേക്ക് അനാവശ്യമായി തള്ളിവിടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പോൾ തേലക്കാട്ട് മൊഴി നൽകിയതിന് പിന്നാലെ വൈദിക സമിതി സെക്രട്ടറി തന്നെ പരസ്യമായി രംഗത്തുവന്നത് സഭയിലെ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാകുന്നതിന്‍റെ സൂചനയാണ് നൽകുന്നത്.