എറണാകുളം : കൊച്ചി മരടില്‍ റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് കണ്ടെയ്‌നറുകളില്‍ നിന്നായി അഴുകിയതും പുഴുവരിച്ചതുമായ മത്സ്യം പിടികൂടി. ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ കണ്ടെയ്‌നറുകളില്‍ 170 ഓളം പെട്ടികളിലായി സൂക്ഷിച്ചിരുന്ന മത്സ്യമാണ് പിടികൂടിയത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ നഗരസഭ അധികൃതരെ വിവരമറിയിച്ചതിനെതുടര്‍ന്ന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് മത്സ്യം അഴുകിയതാണെന്ന് സ്ഥിരീകരിച്ചത്.
തുടര്‍ന്ന്, ഭക്ഷ്യ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി കൂടുതൽ പരിശോധനയ്ക്കായി മത്സ്യത്തിന്‍റെ സാംപിൾ ശേഖരിച്ചു. അതേസമയം, ഇന്ന് രാവിലെയും കണ്ടെയ്‌നറില്‍ നിന്ന് വില്‍പനയ്‌ക്കായി മീന്‍ കൊണ്ടുപോയതായി നാട്ടുകാര്‍ പറയുന്നു. കണ്ടെയ്‌നറിലെ മുഴുവന്‍ ലോഡും നശിപ്പിക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി.
ശീതീകരണ സംവിധാനമില്ലാത്ത വാഹനത്തിൽ സൂക്ഷിച്ചതാണ് മത്സ്യം അഴുകാൻ ഇടയായതെന്ന് അധികൃതര്‍ കണ്ടെത്തി. മീന്‍ സൂക്ഷിച്ചിരുന്ന രണ്ട് വാഹനത്തിലും ഡ്രൈവര്‍മാരോ മറ്റ് ജീവനക്കാരോ ഉണ്ടായിരുന്നില്ല. കൊച്ചിയിൽ ആർക്ക് വേണ്ടിയാണ് മത്സ്യം എത്തിച്ചതെന്നും ലോറി ഡ്രൈവര്‍മാര്‍ ആരെന്നും കണ്ടെത്തുവാനുള്ള ശ്രമം പൊലീസ് ആരംഭിച്ചുകഴിഞ്ഞു.