എറണാകുളം: എറണാകുളം പൊന്നുരുന്നിയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. റീടാറിങ് നടപടികൾ പൂര്‍ത്തിയാക്കിയ റോഡ് വാട്ടര്‍ അതോറിറ്റി കുത്തിപ്പൊളിച്ചതിനെതിരെയായിരുന്നു ഉപരോധം. വര്‍ഷങ്ങളായി പൊളിഞ്ഞ് കിടന്നിരുന്ന വൈറ്റില-പൊന്നുരുന്നി റോഡിന്റെ റീടാറിങ് നടപടികൾ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്.
റീടാറിങ് നടപടികൾ പൂര്‍ത്തിയായ ഉടനെയാണ് കുടിവെള്ള പൈപ് നന്നാക്കുന്നതിനായി റോഡ് കുത്തിപൊളിച്ചത്. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിലുള്ള റോഡ് അനുമതിയില്ലാതെയാണ് കുത്തിപൊളിച്ചത് എന്ന ആരോപണവും ഉയര്‍ന്നു. അതേസമയം കഴിഞ്ഞ മാസം അനുമതി ലഭിച്ചതായാണ് വാട്ടര്‍ അതോറിറ്റിയുടെ വിശദീകരണം. പ്രതിഷേധം തുടര്‍ന്നതോടെ കലക്ടര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. ഇരുവിഭാഗത്തിലെയും ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്ന് ഇന്ന് തന്നെ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കുമെന്ന ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിച്ചത്.