എറണാകുളം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂർ പാടത്ത് നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു. പതിനഞ്ച് വർഷമായി തരിശായി കിടന്ന മൂന്ന് ഏക്കറോളം വരുന്ന പാടത്താണ് കൃഷി ചെയ്തത്. അഖിലേന്ത്യാ കിസാൻ സഭയും പല്ലാരിമംഗലം ജന സേവന ചാരിറ്റബിൾ ട്രസ്റ്റും സ്റ്റേഡിയം പാടശേഖര കർഷക സമിതിയും സംയുക്തമായിട്ടാണ് പതിനഞ്ച് വർഷക്കാലമായി തരിശായിക്കിടന്ന സ്ഥലത്ത് കൃഷി ചെയ്തത്. വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് നിർമ്മലാ മേഹനൻ കൊയ്ത്ത് ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന "പാഠം 1 പാടത്തേക്ക്" എന്ന പദ്ധതിയുടെ ഉദ്ഘാടനവും ഇതിനോടനുബന്ധിച്ചു നടത്തി.
വിദ്യാർഥികളും കൊയ്ത്തുത്സവത്തിൽ പങ്കെടുത്തു. സമ്പൂർണ തരിശുരഹിത പഞ്ചായത്ത് ലക്ഷ്യമാക്കിയുള്ള ഊർജ്ജിത പ്രവർത്തനങ്ങളാണ് വാരപ്പെട്ടിയിൽ നടത്തുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് നിർമ്മലാ മോഹൻ അറിയിച്ചു. കോതമംഗലം കൃഷി അസിസ്റ്റന്‍റ് ഡയറക്ടർ വി.പി.സിന്ധു, വാർഡ് മെമ്പർ ഉമൈബനാസർ, എം.എസ്.അലിയാർ, എ.എ.മുഹമ്മദ്, എം.കെ താജുദ്ദീൻ, പാടശേഖര കർഷക സമിതി ചെയർമാൻ, രാജശേഖരൻ, കൺവീനർ പി.എൻ.ഷാജി, മൈലൂർ സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് മാനുവൽ മനേജർ, എം.കെ ഇബ്രാഹിം, കൃഷി ഉദ്യോഗസ്ഥരായ ബിൻസി, ആബിദ എന്നിവർ പങ്കെടുത്തു. സുഭിക്ഷ കേരളം പദ്ധതിയിൽ തരിശായ പാടങ്ങൾ കൃഷിയിറക്കുന്നതിന് ആവേശകരമായ മുന്നേറ്റമാണ് കർഷകരുടെയും സന്നദ്ധ സംഘടനകളുടെയും ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്ന് കൃഷി അസിസ്റ്റന്‍റ് ഡയറക്ടർ അറിയിച്ചു.