എറണാകുളം: ഒരു ചെറിയ കാറ്റടിച്ചാൽ മതി നെല്ലിപ്പിള്ളി കോളനി നിവാസികളുടെ ഹൃദയത്തിൽ ഇടി മുഴങ്ങും. അത്രക്കും ദയനീയമാണ് മൂവാറ്റുപുഴയിലെ അടൂപ്പറമ്പ് നെല്ലിപ്പിള്ളി ലക്ഷം വീട് കോളനിയിലെ വീടുകളുടെ അവസ്ഥ. എപ്പോൾ വേണമെങ്കിലും ഇടിഞ്ഞു വീഴുമെന്ന അവസ്ഥയിലായ വീടുകൾക്ക് മേൽക്കൂരയോ, ചുറ്റുമതിലോ ഇല്ല.
വീടുകൾ പുനർ നിർമിക്കാൻ സമരങ്ങൾ ചെയ്‌തിട്ടും ഒരു ഫലവും ഉണ്ടായില്ല എന്നു കോളനി നിവാസികൾ പരാതിപെടുന്നു. 50 വർഷമായി വീടുകളുടെ അവസ്ഥ ഇങ്ങനെ ആണെന്നും മാറി മാറി വരുന്ന സർക്കാരുകൾ ഞങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും കോളനി വാസികൾ പറയുന്നു.
കോളനിയിലെ പത്തോളം വീടുകൾ ആണ് തകർച്ചയുടെ വക്കിൽ ഉള്ളത്. 17 കുടുംബങ്ങൾ ആണ് കോളനിയിൽ താമസിക്കുന്നത്. പ്രാഥമിക കൃത്യം പോലും നിർവഹിക്കാൻ വീടുകളിൽ സൗകര്യം ഇല്ല. ഒരിക്കല്‍ അടച്ചുറപ്പുള്ള വീട്ടിൽ താമസിക്കാൻ കഴിയും എന്ന സ്വപ്നം കണ്ടു കൊണ്ടാണ് കോളനിയിലെ ഓരോ കുടുംബങ്ങളും കഴിഞ്ഞു പോകുന്നത്.