എറണാകുളം : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ ആഗസ്‌റ്റ് നാലുവരെയാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം അതിതീവ്രമഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തീവ്ര മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ജില്ല ദുരന്തനിവാരണ വിഭാഗം മുന്നൊരുക്കങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
തീവ്ര മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് ജില്ല ദുരന്തനിവാരണ വിഭാഗം മുന്നൊരുക്കങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ജില്ലയിലേക്ക് എൻ ഡിആർഎഫിൻ്റെ സംഘമെത്തും. വിവിധ പ്രദേശങ്ങളിലെ സ്ഥിതിഗതികളും നിരീക്ഷിക്കുന്നുണ്ട്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലയിലെ ക്വാറിയിംഗ്, മൈനിംഗ് പ്രവർത്തനങ്ങൾ താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കാന്‍ ജില്ല കലക്‌ടര്‍ ഡോ. രേണു രാജ് അറിയിച്ചു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (02-08-2022) കലക്‌ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ജില്ലയില്‍ ഇന്നലെ (31-07-2022) രാത്രിമുതല്‍ മഴ ശക്തമായി തുടരുകയാണ്. കൊച്ചി നഗരത്തിൽ വെള്ളമുയർന്നത് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായി. വ്യാപാര സ്ഥാപനങ്ങളിൽ ഉൾപ്പടെ വെള്ളം കയറുകയും ചെയ്‌തു.
ജില്ലയിലെ കിഴക്കൻ മലയോര മേഖലകളിലും മഴ ശക്തമായി തുടരുകയാണ്. ഡാമുകളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പെരിയാറിന്‍റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.