എറണാകുളം: നഹാസ് ഹിദായത് സംവിധാനം ചെയ്‌ത ഓണം റിലീസ് ചിത്രം ആര്‍ഡിഎക്‌സ്(RDX) മികച്ച പ്രതികരണവുമായി തിയേറ്ററുകളിൽ. ഓണക്കാലത്ത് ആഘോഷമാക്കേണ്ട എല്ലാ ചേരുവകളും കൃത്യമായി ഉൾപ്പെടുത്തി പ്രേക്ഷകർക്കു മുന്നിലെത്തിയ ആർഡിഎക്‌സ് അടുത്തകാലത്ത് മലയാളത്തിൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച ആക്ഷൻ ചിത്രങ്ങളിൽ ഒന്ന് തന്നെ. ഷെയ്‌ൻ നിഗം(Shane Nigam), ആന്‍റണി വർഗീസ്(Antony Varghese), നീരജ് മാധവ്(Neeraj Madhav) എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം നിർമിച്ചിരിക്കുന്നത് സോഫിയ പോൾ ആണ്.
ചിത്രത്തിന്‍റെ ആദ്യ പ്രദർശനം കാണാൻ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബാബു ആന്‍റണി, നീരജ് മാധവ്, ഐമ റോസ്‌മി, നിർമാതാവ് സോഫിയ പോൾ, വില്ലൻ വേഷം കൈകാര്യം ചെയ്‌ത വിഷ്‌ണു അഗസ്ത്യ, കേന്ദ്രകഥാപാത്രങ്ങളിൽ ഒന്ന് കൈകാര്യം ചെയ്‌ത ഹരിശങ്കർ തുടങ്ങിവർ എത്തിചേർന്നു. ബാബു ആൻറണി, വിഷ്‌ണു അഗസ്ത്യ, ഹരിശങ്കർ എന്നിവർ സിനിമയുടെ വിശേഷങ്ങളെക്കുറിച്ച് ഇടിവി ഭാരതിനോട് പ്രതികരിച്ചു.
കൊച്ചിൻ കാർണിവൽ സമയത്ത് നായക കഥാപാത്രങ്ങളോട് വില്ലൻ കഥാപാത്രങ്ങൾ തുടങ്ങി വയ്ക്കുന്ന ചെറിയൊരു തീപ്പൊരി വിദ്വേഷം വർഷങ്ങൾക്കിപ്പുറം വലിയ പൊട്ടിത്തെറിയിൽ കലാശിക്കുന്നു. കഥാപാത്രങ്ങളായ റോബർട്ട് ഡോണി സേവിയർ ഇവരുടെ കുടുംബത്തിലേക്ക് ഉണ്ടാകുന്ന കടന്നാക്രമണത്തിന് പ്രതികാരം ചെയ്യുവാനും വില്ലന്മാരെ തുരത്താനും മൂന്ന് നായകന്മാരുടെ മല്ലയുദ്ധമാണ് കഥാസാരം.
അൻപറിവിന്‍റെ ആക്ഷൻ രംഗങ്ങൾക്ക് ചിത്രത്തിൽ നിർണായക പ്രാധാന്യമുണ്ട്. തീപാറുന്ന സംഘട്ടനരംഗങ്ങൾ കാണാൻ ഇഷ്‌ടമുള്ളവർക്ക് ആർഡിഎക്‌സിന് ധൈര്യത്തോടുകൂടി ടിക്കറ്റ് എടുക്കാം. ചടുലമായി കഥ പറയുന്ന രീതി, ഒട്ടും ബോറടിപ്പിക്കാതെ തിരക്കഥയുടെ അടിസ്ഥാനം - ആർഡിഎക്‌സിനെ ജനപ്രിയമാക്കുമെന്നതിൽ സംശയമില്ല.
ഇതുവരെ കണ്ട ഷെയിൻ നിഗം ചിത്രങ്ങളിൽ നിന്ന് അപ്പാടെ മാറി, ഒരു മാസ് ഹീറോ പരിവേഷത്തിൽ ഷെയിന്‍റെ ചേഞ്ച് ഓവര്‍ വ്യക്തമാണ്. വരുംകാലങ്ങളിൽ മലയാള സിനിമയുടെ ആക്ഷൻ റൊമാന്‍റിക് കഥാപാത്ര സൃഷ്‌ടിക്ക് അദ്ദേഹം വാഗ്‌ദാനവുമായി മാറുകയാണ്. നീരജ് മാധവിന്‍റെയും ആന്‍റണി പെപ്പെയുടെയും സ്വാഗ് എടുത്തുപറയേണ്ട കാര്യമില്ല. അതിഗംഭീര പ്രകടനം ഇരുവരും കാഴ്‌ചവച്ചിട്ടുണ്ട്.
മഹിമ നമ്പ്യാരുടെ പ്രകടനവും ശ്രദ്ധേയമാണ്. ക്ലൈമാക്‌സ് രംഗത്തിൽ ബാബു ആന്‍റണിയുടെ കഥാപാത്രം ആക്ഷൻ രംഗങ്ങളിൽ ഇറങ്ങുമ്പോൾ കിട്ടുന്ന കയ്യടി അദ്ദേഹത്തെ ജനങ്ങൾ എത്രത്തോളം ഇപ്പോഴും ആരാധിക്കുന്നുണ്ട് എന്നതിനുള്ള മറുപടിയാണ്. പ്രധാന വില്ലൻ വേഷം കൈകാര്യം ചെയ്‌ത വിഷ്‌ണു അഗസ്ത്യയുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്. പ്രേക്ഷകരുടെയും താരങ്ങളുടെയും പ്രതികരണം കാണാം.