എറണാകുളം: പ്രായം ഒന്നിനും ഒരു പരിമിതിയല്ലെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണ് കൊച്ചിയിലെ 71കാരിയായ രാധമണി. ബന്ധുക്കളും നാട്ടുകാരും മണിയമ്മയെന്നാണ് സ്നേഹപൂർവം രാധാമണിയെ വിളിക്കുന്നത്. 11 ഡ്രൈവിങ് ലൈസൻസുള്ള ഈ വയോധികയ്ക്ക് ഇനി ട്രെയിനോടിക്കാനും വിമാനം പറത്താനുമുള്ള ലൈസൻസ് മാത്രമാണ് കിട്ടാൻ ബാക്കിയുള്ളത്. 72 വയസ് തികയാൻ മൂന്ന് മാസം മാത്രമുള്ള തനിക്ക് പ്രായം അനുവദിക്കാത്തതിനാലാണ് ഇതിന് രണ്ടിനും ശ്രമിക്കാത്തതെന്ന് മണിയമ്മ പുഞ്ചിരിയോടെ പറയുന്നു.
ഡ്രൈവിങ് രംഗത്തെ വിപ്ലവ നായിക
1981ലാണ് ഭര്‍ത്താവ് ലാലന്‍റെ പ്രചോദനത്താൽ മണിയമ്മ കാര്‍ ഓടിക്കാന്‍ പഠിച്ചത്. അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് ഡ്രൈവിങ് മേഖലയിലെ ആകാശത്തോളമുയർന്ന സ്വപ്‌ന സാക്ഷാത്കാരത്തിന് വേണ്ടിയുള്ള യാത്രയായിരുന്നു ജീവിതം. ആദ്യം കാർ ഓടിക്കുന്നതിനുള്ള ലൈസൻസാണ് നേടിയതെങ്കിലും പിന്നീട് ലോറി, ബസ്, ജെസിബി ക്രെയിന്‍, ട്രയിലർ, ഫോർക് ലിഫ്റ്റ്, റോഡ് റോളർ, ഇരുചക്ര വാഹനം, ഒട്ടോ, ഏറ്റവും ഒടുവിലായി പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ ഓടിക്കുന്നതിനുളള ഹസാഡസ് ലൈസൻസ് വരെ സ്വന്തമാക്കി.
ഒരു ഡസനോളം ലൈസൻസ് നേടി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും മണിയമ്മ ഇടം നേടിയിട്ടുണ്ട്. ഡ്രൈവിങ് രംഗത്ത് വലിയൊരു വിപ്ലവം സൃഷ്‌ടിച്ച ശേഷം മണിയമ്മ ഇപ്പോൾ ഒട്ടോമൊബൈൽ എഞ്ചിനിയറിങിൽ ഡിപ്ലോമ നേടാനുള്ള ശ്രമത്തിലാണ്. സ്വന്തമായി കൊച്ചി തോപ്പുംപടിയിൽ 'എ ടു സെഡ്' എന്ന ഡ്രൈവിങ് സ്‌കൂൾ സ്ഥാപനം തുടങ്ങിയതോടെയാണ് എല്ലാ വാഹനങ്ങളും പഠിച്ചിരിക്കേണ്ടത് ആവശ്യമായി വന്നത്.
കേരളത്തിൽ ഹെവി വാഹനങ്ങളുടെ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരിശീലന സ്ഥാപനങ്ങൾ ഇല്ലാതിരുന്ന കാലഘട്ടത്തിൽ നിയമ പോരാട്ടം നടത്തിയാണ് സ്വന്തമായി ഇത്തരമൊരു സ്ഥാപനം സ്ഥാപിച്ചത്. ആദ്യമായി താനാണ് കേരളത്തിൽ ഹെവി വാഹനങ്ങളുടെ ലൈസൻസിനുവേണ്ടിയുള്ള പരിശീലന സ്ഥാപനം തുടങ്ങിയതെന്നും രാധാമണി പറയുന്നു.
അന്ന് കളിയാക്കിവർക്ക് ഇന്ന് പ്രചോദനം
നാല് പതിറ്റാണ്ട് മുമ്പ് ചെമ്മണ്‍ പാതയിലൂടെ കാര്‍ ഓടിച്ചു പോകുമ്പോള്‍ നാട്ടില്‍ പലര്‍ക്കും ആശ്ചര്യമായിരുന്നു. പലരും കളിയാക്കിയിട്ടുണ്ടെന്നും കൂകി വിളിച്ചിട്ടുണ്ടെന്നും രാധാമണി ഓർമിച്ചു. എന്നാൽ ഇന്ന് പലരും തന്നെ കുറിച്ച് കേട്ടറിഞ്ഞ് എത്താറുണ്ട്. അവർക്ക് വലിയ പ്രചോദനമാണ് തന്‍റെ ജീവിതം. എഴുപത്തിയൊന്നാം വയസിലും ഹെവി വാഹനങ്ങൾ ഉൾപ്പെടെ ഓടിക്കാൻ മണിയമ്മയ്ക്ക് കഴിയുന്നെങ്കിൽ ഡ്രൈവിങ് രംഗത്ത് തങ്ങളും ഒരു കൈ നോക്കുമെന്നാണ് അവർ പറയുന്നത്.
വാഹനങ്ങളുടെ കൂട്ടത്തിൽ ജെസിബി ഓടിക്കാനാണ് കുറച്ച് ശ്രമകരമെന്നും രാധാമണി അഭിപ്രായപ്പെട്ടു. ഡ്രൈവിങ് മേഖലയിൽ സ്ത്രീകൾക്ക് നിരവധി തൊഴിലവസരമുണ്ട്. ഡ്രൈവിങ് പാഷനായി കൊണ്ടുനടക്കുന്ന നിരവധി സ്ത്രീകൾ ഇന്ന് ഡ്രൈവിങ് ലൈസൻസ് എടുക്കാൻ എത്തുന്നുണ്ട് എന്നത് സ്വാഗതാർഹമാണെന്നും മണിയമ്മ പറയുന്നു.
ALSO READ: വേനൽകാലം ആഘോഷമാക്കാം, മലബാറിലെ ആദ്യ ടൂറിസം കാരവാൻ കാസർകോട് എത്തി