എറണാകുളം: കൊച്ചിയിൽ 85 ലക്ഷത്തോളം രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് പി.ടി തോമസ് എംഎൽഎ. സമൂഹ മാധ്യങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും എംഎൽഎക്കെതിരെ പ്രചരിച്ച വാർത്തകൾ പി.ടി തോമസ് ശക്തമായി എതിർത്തു.
ഭൂമി സംബന്ധിച്ച സര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാനാണ് ആദായ വകുപ്പ് പണം കണ്ടെത്തിയ ഇടപ്പള്ളിയിലെ വീട്ടില്‍ പോയത്. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണ കേസ് പ്രതിയും കമ്മ്യൂണിസ്റ്റ് നേതാവുമായ ദിനേശന്‍റെ കുടുംബത്തിൽ 40 വർഷമായി തുടരുന്ന മൂന്ന് സെന്‍റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചായിരുന്നു തർക്കം. ദിനേശന്‍റെ മക്കളായ രാജീവനും ദിനേശും കഴിഞ്ഞ മാസം ഡിവിഷൻ കൗൺസിലർ ജോസഫ് അലക്‌സിന്‍റെ നിർദേശപ്രകാരം എംഎൽഎ ഓഫിസിൽ തന്നെ കാണാൻ എത്തിയിരുന്നു. ഇവരുടെ സഹോദരനായ ബാബു തന്‍റെ ഡ്രൈവറായി ജോലി ചെയ്‌തിരുന്നുവെന്നും എംഎൽഎ പറഞ്ഞു. പാരമ്പര്യമായി കമ്മ്യൂണിസ്റ്റുകാരായ കുടുംബത്തിന്‍റെ പ്രശ്‌നം പല ഭരണപക്ഷ കാലത്തും പരിഹരിക്കപ്പെടാതെ പോയതിനാലാണ് കുടുംബം തന്നെ സമീപിച്ചത്. തുടർന്ന് പ്രശ്‌നപരിഹാരം കണ്ടെത്താനും മധ്യസ്ഥത വഹിക്കാനുമാണ് താൻ പോയതെന്ന് എംഎൽഎ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിനടുത്ത് തങ്കമണി - ദിനേശൻ മകൻ രാജീവന്‍റെ വീട്ടിൽ നിന്ന് ആദായനികുതി വകുപ്പ് പണം കണ്ടെടുത്തത്. ആദായ നികുതി ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുമ്പോൾ പി.ടി തോമസ് എംഎൽഎയും പണമിടപാട് നടക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്നുവെന്നത് എംഎൽഎക്കെതിരെ സംശയം ജനിപ്പിക്കുന്നതായിരുന്നു. പണമിടപാടിൽ എംഎൽഎയുടെ പങ്ക് ആദായ നികുതി വകുപ്പ് പരിശോധിക്കുകയാണ്. എന്നാൽ ഭൂമി തർക്കം പരിഹരിക്കുക മാത്രമായിരുന്നു ഉദ്ദേശമെന്നാണ് എംഎൽഎ നൽകുന്ന വിശദീകരണം.
സിഐടിയു നേതാവായിരുന്ന രവീന്ദ്രനാഥിന്‍റെ സഹോദരിയുടെ കുടികിടപ്പുകാരായിരുന്നു ഇവരുടെ കുടുംബം. ഈ സ്ഥലം 1998ൽ രാമകൃഷ്‌ണൻ എന്ന കുപ്പി രാമകൃഷ്‌ണൻ വിലയ്ക്ക് വാങ്ങിയ ശേഷം കുടികിടപ്പകാരോട് ഒഴിയാൻ ആവശ്യപ്പെട്ടു. പാരമ്പര്യമായി കമ്മ്യൂണിസ്റ്റുകാരായ കുടുംബത്തിന്‍റെ പ്രശ്‌നം പല ഭരണപക്ഷ കാലത്തും പരിഹരിക്കപ്പെടാതെ പോയതിനാലാണ് കുടുംബം തന്നെ സമീപിച്ചത്. തുടർന്ന് രാമകൃഷ്‌ണൻ തന്നെ ബന്ധപ്പെടുകയും പ്രശ്‌നം പരിഹരിക്കാൻ ഒക്ടോബർ രണ്ട് രാവിലെ 10.30ന് വാർഡ് കൗൺസിലർ ജോസഫ് അലക്‌സ്, റെസിഡന്‍റ് അസോസിയേഷൻ വൈസ് പ്രസിഡന്‍റ് ഷൈൻ അഞ്ചുമന, സിപിഎം പാടിവട്ടം ബ്രാഞ്ച് സെക്രട്ടറി ഗിരിജൻ, മാതാവ് തങ്കമണി ദിനേശൻ എന്നിവരുടെ സാന്നിധ്യത്തിൽ അവരുടെ വീട്ടിൽ ചർച്ചയിൽ പങ്കെടുത്തു. അത് പ്രകാരം ഒരു ധാരണ ഉണ്ടാക്കി. കരാറിൽ ഒന്നാം പാർട്ടിയായ വി.എസ് രാമകൃഷ്‌ണൻ രണ്ടാം പാർട്ടിയായ പരേതനായ ദിനേശന്‍റെ ഭാര്യ തങ്കമണി ദിനേശന് താമസം മാറികൊടുക്കാൻ 38 ലക്ഷം രൂപ നിശ്ചയിച്ച് തുക അക്കൗണ്ട് വഴി ട്രാൻസ്‌ഫെർ ചെയ്യാനാണ് ധാരണയായത്.
കരാർ പ്രകാരം ഒക്ടോബർ എട്ടിന് വീണ്ടും അവരുടെ വീട്ടിൽ ചർച്ച ചെയ്യാൻ തീരുമാനിച്ചു. ചർച്ചയിൽ വാർഡ് കൗൺസിലർ ജോസഫ് അലക്‌സ്, സിപിഎം പാടിവട്ടം ബ്രാഞ്ച് സെക്രട്ടറി ഗിരിജൻ, ഒന്നാം പാർട്ടിയായ രാമകൃഷ്‌ണൻ, അയാളുടെ മാനേജർ, രണ്ടാം പാർട്ടിയായ രാജീവൻ, അമ്മ തങ്കമണി ദിനേശൻ, മറ്റ് കുടുംബാംഗങ്ങളും ബന്ധുക്കളും അടങ്ങുന്ന പതിനഞ്ചോളം പേർ എന്നിവർ ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു. കരാർ വായിക്കുകയും എല്ലാവരും അത് അംഗീകരിക്കുകയും ചെയ്‌തു. ആ സമയത്തു രാമകൃഷ്ണൻ രണ്ട് ബാഗുകൾ കൊണ്ടുവന്നിരുന്നു. അതിൽ പണമാണ് ഉണ്ടായിരുന്നതെന്ന് താൻ ഇപ്പോൾ കരുതുന്നു. എന്നാൽ ആ സമയത്ത് അതിൽ പണമാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്നും എംഎൽഎ വ്യക്തമാക്കി. കരാർ പ്രകാരം പണത്തിന്‍റെ ഇടപാട് ബാങ്ക് അക്കൗണ്ട് വഴി നടത്തനാണ് തീരുമാനിച്ചിരുന്നതെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
ആദായ വകുപ്പ് ഉദ്യോഗസ്ഥർ ആ വീടിനുള്ളിൽ പരിശോധനയ്ക്കായി കയറുന്ന നേരം എംഎൽഎ അവിടെ നിന്ന് പുറപ്പെടുകയായിരുന്നു. കാറിലേക്ക് കയറുന്ന നേരത്താണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നത്. ബാഗിനുള്ളിൽ പണം ആണെങ്കിൽ അത് താൻ കണ്ടിട്ടില്ലെന്നും എംഎൽഎ പറഞ്ഞു.
500 രൂപയുടെ മുദ്രപത്രത്തിലാണ് കരാർ ഉണ്ടാക്കിയത്. നൽകിയ പണം കള്ളപ്പണം / കുഴൽപ്പണം ആണെങ്കിൽ ബന്ധപ്പെട്ടവരുടെ പേരിൽ ശക്തമായ നിയമ നടപടി വേണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. അതേസമയം 85 ലക്ഷം രൂപയുടെ ഇടപാടിന് 500 രൂപയുടെ മുദ്രപത്രത്തിൽ കരാറുണ്ടാക്കിയത് ശരിയാണോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം മാധ്യമപ്രവർത്തകർക്ക് നൽകിയില്ല. താൻ നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടില്ലെന്നും നീതിബോധത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രവർത്തിച്ചതെന്നും എംഎൽഎ മാധ്യമങ്ങളോട് പ്രതികരിച്ചു. മാത്രമല്ല 500 രൂപയുടെ മുദ്രപത്രത്തിൽ കരാറെഴുതി കുഴൽപണമോ കണക്കിൽ വരാത്ത പണമോ ഇടപാട് ചെയ്യുമോ എന്നും എംഎൽഎ മാധ്യങ്ങളോട് ചോദിച്ചു.