എറണാകുളം: കോട്ടപ്പടി -നെല്ലിക്കുഴി പഞ്ചായത്തിലെ ഇരുമലപ്പടി-കോട്ടപ്പടി റോഡിന്‍റെ ടാറിങ് മുടങ്ങിക്കിടക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകൾ കോതമംഗലം പിഡബ്ല്യുഡി ഓഫീസ് തല്ലിത്തകർത്തു. റോഡ് പണി പൂർത്തിയാകാത്തത്തിലുo, വിഷയത്തിൽ അധികാരികൾ ഇടപെടാത്തതിലും പ്രതിഷേധിച്ച് കോട്ടപ്പടി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. ഒരു വർഷം മുമ്പ് വകുപ്പ് മന്ത്രി ജി.സുധാകരനാണ് റോഡ് പണി ഉദ്ഘാടനം ചെയ്തത്.
ആലുവ മൂന്നാർ റോഡിലേക്ക് എത്തിച്ചേരാനുള്ള ഏക സഞ്ചാരമാർഗ്ഗമായ ഇരുമലപ്പടി-കോട്ടപ്പടി റോഡിന്‍റെ ടാറിങ് ആരംഭിച്ചിട്ട് ഒരു വർഷത്തിലധികമായെങ്കിലും വിവിധ വകുപ്പുകളുടെ അനാസ്ഥ മൂലം പണി എങ്ങുമെത്താതെ മുടങ്ങിക്കിടക്കുകയാണ്. നിരവധി സ്കൂളുകളും, ധാരാളം ആരാധനാലയങ്ങളും അംഗൻവാടികളും നിരവധി വ്യവസായ സ്ഥാപനങ്ങളും ഉൾപ്പെടുന്ന ഈ പ്രദേശത്തെ റോഡ് പണി നിലച്ചത് പ്രദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
കിഫ്ബിയുടെ ഫണ്ടിലുൾപ്പെടുത്തി 23 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തിയാക്കി കരാറുകാരൻ നിലവിലെ റോഡ് പൊളിച്ച് മാറ്റിയതിന് ശേഷം മെറ്റൽ ഇടുകയും ചെയ്തിരുന്നു.സ്കൂൾ ബസുകൾ, വ്യവസായ സ്ഥാപനങ്ങളിലേക്കുളള ലോഡ് കയറ്റി വരുന്ന വാഹനങ്ങൾ എന്നിവ സഞ്ചരിക്കുന്നതിനാൽ റോഡിലെ മെറ്റൽ പാടെ ഇളകുകയും ചെയ്തു. ഇതോടെ കാൽ നടയായിപ്പോലും സഞ്ചാരം സാധ്യമല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. തുടർ നടപടികൾ പൂർത്തിയാക്കാത്തതാണ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്.