കൊച്ചി: ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഫീൽഡ് സർവേയുടെ ഭാഗമായി പൊതു ജനങ്ങളുടേയും റസിഡന്റ്സ് അസോസിയേഷനുകളുടേയും നിർദേശങ്ങളും പരിഗണിക്കുമെന്ന് ജില്ലാ കലക്ടർ എസ്. സുഹാസ്. ഫീൽഡ് സർവേ നടത്തുന്ന ഉദ്യോഗസ്ഥർ ഇക്കാര്യങ്ങൾ പരിഗണിക്കണം.
വെള്ളക്കെട്ടിന് കാരണമാകുന്ന തരത്തിലുള്ള കൈയ്യേറ്റങ്ങൾ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള കൈയ്യേറ്റങ്ങൾ കണ്ടെത്തുന്നതിനായി സർവേ ഉദ്യോഗസ്ഥർക്ക് ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാരുടെ സഹായം തേടാവുന്നതാണ്. ഫീൽഡ് സർവേക്ക് ശേഷം ഓരോ വാർഡിലേക്കും നിയോഗിക്കപ്പെട്ട ടീം ടെക്നിക്കൽ കമ്മറ്റി മുമ്പാകെ കണ്ടെത്തിയ പ്രശ്നങ്ങൾ അവതരിപ്പിക്കണം. ആദ്യഘട്ടമായാണ് 27 വാർഡുകളിലെ സർവേ നടത്തുന്നതെന്നും ഇത് പൂർത്തിയാകുന്നതനുസരിച്ച് കൊച്ചിയിലെ മറ്റ് പ്രദേശങ്ങളിലും നടപടികൾ ആരംഭിക്കുമെന്നും കലക്ടർ അറിയിച്ചു.
അനധികൃത കൈയ്യേറ്റങ്ങളും അശാസ്ത്രീയ നിർമ്മാണങ്ങളും തോടുകളിലേയും കനാലുകളിലേയും മാലിന്യ നിക്ഷേപവുമാണ് ഭൂരിഭാഗം മേഖലകളിലേയും വെള്ളകെട്ടിന് കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. ഇക്കാര്യങ്ങൾ വിശദീകരിച്ചും പരിഹാര മാർഗ്ഗങ്ങൾ നിർദേശിച്ചുമുള്ള വിശദമായ റിപ്പോർട്ട് ഈ മാസം ഇരുപത്തിയെട്ടിന് ഫീൽഡ് സർവേ സംഘം ടെക്നിക്കൽ കമ്മറ്റിക്ക് കൈമാറും.