എറണാകുളം : തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിന്‍റെ കൈവെട്ടിയ കേസില്‍ രണ്ടാം ഘട്ടത്തിൽ വിചാരണ നേരിട്ട പതിനൊന്ന് പ്രതികളിൽ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. അഞ്ച് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. സജല്‍, നാസര്‍, നജീബ്, നൗഷാദ്, മൊയ്‌തീന്‍ കുഞ്ഞ്, അയൂബ് എന്നിവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഗൂഢാലോചന ഉള്‍പ്പടെ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. സജല്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ്. മുഖ്യസൂത്രധാരനാണ് നാസര്‍. 4, 6, 7, 8, 10 പ്രതികളായ ഷഫീഖ്, അസീസ്, സുബൈര്‍, മുഹമ്മദ് റാഫി, മന്‍സൂർ എന്നിവരെയാണ് വെറുതെ വിട്ടത്.
അതേസമയം കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികളിൽ ഒമ്പതാം പ്രതി നൗഷാദ്, 11-ാം പ്രതി മൊയ്‌തീൻ കുഞ്ഞ്, 12-ാം പ്രതി അയൂബ് എന്നിവർക്കെതിരെ യുഎപിഎ നിലനിൽക്കില്ലെന്നും കോടതി വിധി പ്രസ്‌താവത്തിൽ വ്യക്തമാക്കി. എന്നാൽ ഇവർക്കെതിരെ പ്രതികളെ ഒളിപ്പിച്ചു, തെളിവ് നശിപ്പിച്ചു എന്നീ കുറ്റങ്ങൾ നിലനിൽക്കും. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടാം പ്രതി സജിൽ, മൂന്നാം പ്രതിയും പോപ്പുലർ ഫ്രണ്ടിന്‍റെ സംസ്ഥാന നേതാവുമായ എംകെ നാസർ, അഞ്ചാം പ്രതി നജീബ് എന്നിവർക്കെതിരെ യുഎപിഎ കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.
കൃത്യത്തിന് വിദേശത്തുനിന്നടക്കം സാമ്പത്തിക സഹായം ലഭിച്ചെന്നും പ്രതികൾക്ക് സംഭവത്തിന് മുമ്പും ശേഷവും പ്രാദേശിക പിന്തുണ കിട്ടിയെന്നുമാണ് എൻഐഎ കണ്ടെത്തൽ. ആദ്യഘട്ട വിചാരണ പൂര്‍ത്തിയാക്കി 2015 ഏപ്രില്‍ 30ന് വിധി പറഞ്ഞു. അതുവരെ പിടിയിലായ 31 പേരാണ് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ വിചാരണ നേരിട്ടത്. 13 പേരെ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചു. 18 പേരെ വെറുതെ വിട്ടു.
ഒളിവിൽ പോയ പ്രതികളിൽ ആദ്യഘട്ടത്തിൽ പിടിയിലായവർക്ക് കുറ്റപത്രം നൽകിയായിരുന്നു വിചാരണ പൂർത്തിയാക്കിയത്. പിന്നീട് പലസമയങ്ങളിലായി പിടിയിലായവർക്ക് കുറ്റപത്രം നൽകിയാണ് രണ്ടാംഘട്ട വിചാരണ പൂർത്തിയാക്കിയത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ ഉൾപ്പടെ ഈ വിചാരണയിൽ ഉൾപ്പെട്ടിരുന്നു.
കുറ്റക്കാർക്കെതിരായ ശിക്ഷവിധി നാളെ പ്രഖ്യാപിക്കും ; 2015 ല്‍ വിധി വന്നശേഷം പിടിയിലായവരാണ് രണ്ടാംഘട്ടത്തില്‍ വിചാരണ നേരിട്ടത്. ആകെ 11 പ്രതികളാണ് ഉണ്ടായിരുന്നത്. അതില്‍ ആറ് പേരെയാണ് ഇന്ന് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത് പ്രൊഫസര്‍ ടിജെ ജോസഫിന്‍റെ കൈവെട്ടിയ സവാദ് ഇപ്പോഴും ഒളിവിലാണ്. പ്രതികൾക്കെതിരായ ശിക്ഷവിധി കോടതി നാളെ പ്രഖ്യാപിക്കും. പ്രതികൾക്കെതിരെ ജീവപര്യന്തം ശിക്ഷ തന്നെ നൽകണമെന്നും പ്രതികൾ ദയ അർഹിക്കുന്നില്ലെന്നുമാണ് എൻഐഎ കോടതിയിൽ ശക്തമായി ആവശ്യപ്പെട്ടത്.
യുഎപിഎ ചുമത്തിയ കേസിലെ പ്രതികളെല്ലാം നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ പ്രവർത്തകരായിരുന്നു. കേട്ടുകേൾവിയില്ലാത്ത ക്രൂരകൃത്യം ആസൂത്രണം ചെയ്‌തതും നടപ്പിലാക്കിയതും പോപ്പുലർ ഫ്രണ്ടാണെന്നാണ് എൻഐഎ കണ്ടെത്തിയത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ ഉൾപ്പടെ ഈ വിചാരണയിൽ ഉൾപ്പെട്ടിരുന്നു. രണ്ടാം ഘട്ടത്തിൽ മുഖ്യസൂത്രധാരനായ ആലുവ സ്വദേശി എംകെ നാസർ, കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സജിൻ ഉൾപ്പെടെ പതിനൊന്ന് പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്.
2010 മാർച്ച് 23ന് അധ്യാപകന്‍റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണന്ന് ആദ്യം കേസന്വേഷിച്ച സംസ്ഥാന പൊലീസും പിന്നീട് കേസ് ഏറ്റെടുത്ത എൻഐഎയും കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തിലേക്ക് നയിച്ച കാരണങ്ങളിൽ ഒന്ന് കൂടിയായിരുന്നു ഈ സംഭവം.
കേട്ടുകേൾവിയില്ലാത്ത ക്രൂരകൃത്യം; 2010 മാർച്ച് 23ന് തൊടുപുഴ ന്യൂമാൻ കോളജില്‍ നടന്ന പരീക്ഷയുടെ ചോദ്യപേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ചാണ് പ്രൊഫസർ ടിജെ ജോസഫിന്‍റെ കൈവെട്ടിയത്. 2010 ജൂലൈ നാലിന് പള്ളിയില്‍ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം.
ടിജെ ജോസഫ് തയ്യാറാക്കിയ രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്‍റേണൽ പരീക്ഷയുടെ ചോദ്യപേപ്പറിൽ പ്രവാചകനെ അവഹേളിക്കുന്ന രീതിയിൽ പരാമർശമുണ്ടെന്ന വിമർശനമുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികൾ കാറിൽ യാത്ര ചെയ്യുകയായിരുന്ന അധ്യാപകനെ തടഞ്ഞു നിർത്തി വലത്തെ കൈപ്പത്തി വെട്ടിമാറ്റിയത്.
സംഭവത്തിന് പിന്നിൽ വലിയ ഗൂഡാലോചന നടന്നതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പ്രതികൾ യോഗം ചേർന്ന് കുറ്റകൃത്യം എങ്ങനെ നടപ്പിലാക്കണം എന്നതിന്‍റെ രൂപരേഖ തയ്യാറാക്കിയിരുന്നു. ഒരു തവണ അധ്യാപകനെതിരെ ആക്രമണം നടത്താനുള്ള ശ്രമം പാളിപ്പോയിരുന്നു. ഇതിനു പിന്നാലെയായിരുന്നു പ്രതികൾ ഒത്തുചേർന്ന് ഗൂഢാലോചന നടത്തിയത്.