എറണാകുളം: കേരളത്തിലെ 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുളള നടപടികള്‍ അന്തിമഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തിന് മാതൃകയാകുന്ന തരത്തിലാണ് കേരളത്തിലെ ആരോഗ്യ മേഖലയിലെ കുതിപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ സുവര്‍ണ ജൂബിലിയാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ സുവര്‍ണ ജൂബിലിയാഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു സ്വകാര്യമേഖലയിലെ ചില ആതുരാലയങ്ങള്‍ സേവനത്തിന് പകരം ലാഭക്കണ്ണോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും ആശുപത്രികള്‍ പൊതുജനസേവനം ലക്ഷ്യമിട്ടുള്ളവയാകണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍-സ്വകാര്യ മേഖലകള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിച്ചാല്‍ ആരോഗ്യ മേഖലയിലെ പലപ്രശ്‌നങ്ങള്‍ക്കും വേഗത്തില്‍ പരിഹാരം കാണാന്‍ കഴിയുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ പറഞ്ഞു. സുവര്‍ണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന നൂറ് ഹൃദയ ശസ്ത്രക്രിയ പദ്ധതിയുടെ സമ്മതപത്ര കൈമാറ്റം നിര്‍വഹിക്കുകയായിരുന്നു ആരോഗ്യമന്ത്രി.