എറണാകുളം: സിറോമലബാർ സഭാ ദിനത്തിൽ എറണാകുളം അങ്കമാലി അതിരൂപതയിൽ വിശ്വാസികളുടെ പ്രതിഷേധം. വിശ്വാസികളുടെ കൂട്ടായ്മയായ അൽമായ മുന്നേറ്റം അതിരൂപത സംരക്ഷണദിനമായി ആചരിക്കുന്നതിന്‍റെ ഭാഗമായി മെത്രാപോലീത്തമാർക്കെതിരെ വ്യാപകമായി പോസ്റ്ററുകൾ പതിച്ചു.
also read:കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയെ കണ്ണൂരിലെത്തിച്ചു
അതിരൂപതയെ വഞ്ചിച്ച മാർ ആന്‍റണി കരിയിൽ തിരിച്ച് പോവുക,വിശ്വാസികളുടെ മണ്ണ് ഭൂമാഫിയകൾക്ക് വിട്ടുതരില്ല, ഭൂമാഫിയകൾക്ക് വേണ്ടി മാർപ്പാപ്പയുടെ വിശ്വാസ്യതയെ തകർക്കുന്ന സിനഡ് നടപടി തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് അതിരൂപതയിലെ ഫൊറോന, ഇടവക കേന്ദ്രങ്ങളിൽ പോസ്റ്റർ പതിച്ചിരിക്കുന്നത്.
അതിരൂപതയിൽ നടന്ന വിവാദ ഭൂമി ഇടപാടിൽ സഭാ നിയമങ്ങളുടെ നഗ്നമായ ലംഘനം, സാമ്പത്തിക ക്രമക്കേട്, വിശ്വാസ വഞ്ചന എന്നിവ നടന്നിട്ടുണ്ട് എന്നാണ് വിശ്വാസികളിൽ ഒരു വിഭാഗം ആരോപിക്കുന്നത്. വത്തിക്കാൻ നേരിട്ട് ചുമതലപെടുത്തിയ ഇന്‍റർനാഷണൽ ഓഡിറ്റിംഗ് ഏജൻസി റിപ്പോർട്ടിൽ ഇത് വ്യക്തമാണെന്നും അൽമായ മുന്നേറ്റം ചൂണ്ടികാണിക്കുന്നു.
വരും ദിവസങ്ങളിൽ കൂടുതൽ പ്രധിഷേധവുമായി എല്ലാ അതിരൂപത, ഫൊറോന, ഇടവക കേന്ദ്രങ്ങളിൽ വിശ്വാസികൾ ഒത്തുചേരാൻ തീരുമാനിച്ചതായും വിശ്വാസികളുടെ കൂട്ടായ്മയായ അൽമായ മുന്നേറ്റം അറിയിച്ചു.