എറണാകുളം: നിയമസഭ തെരഞ്ഞെടുപ്പില്‍ പെരിന്തൽമണ്ണ മണ്ഡലത്തിലെ സ്പെഷ്യൽ തപാൽ വോട്ടുകൾ കാണാതായെന്ന് സബ് കലക്‌ടർ. അഞ്ചാം നമ്പർ ടേബിളിലെ ബാലറ്റുകളാണ് കാണാതായതെന്ന് സബ് കലക്‌ടർ ഹൈക്കോടതിയിൽ സമര്‍പ്പിച്ച റിപ്പോർട്ടില്‍ പറയുന്നു. എന്നാൽ ബാലറ്റുകളുടെ എണ്ണം രേഖപ്പെടുത്തിയ രേഖ നഷ്‌ടപ്പെട്ടിട്ടില്ല.
വോട്ടുകളടങ്ങിയ പെട്ടി തുറന്ന നിലയിലായിരുന്നു. ബാലറ്റുകൾ കാണാതായ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും സബ് കലക്‌ടറുടെ റിപ്പോർട്ടിൽ ആവശ്യമുണ്ട്. 2021 ഏപ്രില്‍ 6ന് നടന്ന തെരഞ്ഞെടുപ്പില്‍ നജീബ് കാന്തപുരം എംഎൽഎയുടെ വിജയം ചോദ്യം ചെയ്‌ത് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കെപിഎം മുസ്‌തഫ നൽകിയ ഹർജി പരിഗണിക്കുന്നതിന്‍റെ ഭാഗമായി ഹൈക്കോടതിയിൽ സമര്‍പ്പിക്കാനാണ് ബാലറ്റ് പെട്ടി പരിശോധിച്ചത്.
Also Read: പെരിന്തൽമണ്ണ നിയമസഭ തെരഞ്ഞെടുപ്പ് : കാണാതായ തപാല്‍ വോട്ടുപെട്ടി കിട്ടി
എന്നാൽ പെട്ടികളില്‍ ഒരെണ്ണം കാണാതായെന്ന് വ്യക്തമാകുകയും പിന്നീട് മലപ്പുറം സഹകരണ സംഘം ജോയിന്‍റ് രജിസ്ട്രാറുടെ ഓഫിസിൽ നിന്നും കണ്ടെത്തുകയും ചെയ്‌തു. വോട്ടുപെട്ടി കാണാതായ സംഭവം അതീവ ഗുരുതര വിഷയമെന്നു വിലയിരുത്തിയ സിംഗിൾ ബെഞ്ച് ബാലറ്റു പെട്ടികൾ കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിക്കാന്‍ ഉത്തരവിട്ടിരുന്നു. കൊറോണ രോഗികളുടെയും മറ്റും 348 അസാധുവായ സ്പെഷ്യൽ വോട്ടുകളാണ് പെട്ടികളിൽ ഉണ്ടായിരുന്നത്.
പോളിങ് ഓഫിസർ ഒപ്പിട്ടിട്ടില്ലാത്തതും ക്രമ നമ്പർ രേഖപ്പെടുത്താത്തതുമായ സ്പെഷ്യൽ തപാൽ വോട്ടുകളാണ് ഇവ.