എറണാകുളം: കോതമംഗലം താലൂക്കിലെ പൂയംകുട്ടി ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം രാത്രിയും ഏക്കർ കണക്കിന് കൃഷിയിടങ്ങൾ കാട്ടാനക്കൂട്ടമെത്തി നശിപ്പിച്ചു. കൃഷി നാശം സംഭവിച്ച പ്രദേശങ്ങൾ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ജോസഫ് വാഴയ്ക്കൻ സന്ദർശിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി, തണ്ട് പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം വീണ്ടും കാട്ടാനക്കൂട്ടമെത്തി കൃഷിയിടങ്ങൾ നശിപ്പിച്ചത്.
ഈ മേഖലകളില്‍ അടിയന്തിര നടപടികൾ സ്വീകരിച്ചു കിടങ്ങുകൾ നിർമിക്കുകയും, റെയിൽഫെൻസിങ്ങ് സ്ഥാപിക്കുകയും ചെയ്യണമെന്ന് ജോസഫ് വാഴയ്ക്കൻ ആവശ്യപ്പെട്ടു. പൂയംകുട്ടി സ്വദേശി ഈന്തുങ്കൽ തങ്കച്ചന്‍റെ മൂന്ന് ഏക്കർ സ്ഥലത്ത് കൃഷി ചെയ്ത ഏത്തവാഴയും, ഞാലിപ്പൂവൻ വാഴയും കാട്ടാനകൂട്ടം നശിപ്പിച്ചതായി പരാതിയുണ്ട്. കുലച്ചതും കുലയ്ക്കാറായതുമായ 900 വാഴകൾ ആനക്കൂട്ടം നശിപ്പിച്ചതായും തങ്കച്ചൻ പറയുന്നു.