തിരുവനന്തപുരം : സംസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമായ മാനവീയം വീഥിയിൽ (Manaveeyam Veedhi) സംഘർഷം തുടർക്കഥയായതിന് പിന്നാലെ രാത്രി പത്തുമണി കഴിഞ്ഞാൽ മൈക്കും വാദ്യോപകരണങ്ങളും ഉപയോഗിക്കാൻ പാടില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സി എച്ച്. നാഗരാജു (Police Restrictions). നൈറ്റ് ലൈഫ് എന്ന് പറഞ്ഞാൽ മദ്യപിച്ച് എന്തും ചെയ്യാം എന്ന തെറ്റിദ്ധാരണയാണ് പലർക്കും ഉള്ളത്. എന്നാൽ ഷോപ്പിങ്ങും എന്‍റർടെയ്‌ൻമെന്‍റും ആണ് നൈറ്റ് ലൈഫ് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഇക്കാര്യത്തിൽ അവരവർ നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ പൊലീസിന് നിയന്ത്രണമേർപ്പെടുത്തേണ്ടി വരുമെന്നും ഇനി മുതൽ മാനവീയത്ത് ബ്രീത്ത് അനലൈസർ അടക്കം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് രാത്രി ചെലവഴിക്കാൻ സ്ഥലം വേണം, അത് പൊലീസ് അംഗീകരിക്കുന്നുണ്ട്. എന്നാൽ എല്ലാത്തിനും ഒരു നിയന്ത്രണം വേണം.
പൊലീസിന് തലവേദനയാകുമോ മാനവീയം : നിയമത്തിനുള്ളിൽ നിന്നാണ് എല്ലാം ചെയ്യേണ്ടത്. ജനം കൂടുമ്പോൾ ചില അക്രമ സംഭവങ്ങൾ പ്രതീക്ഷിച്ചതാണ്. എന്നാൽ ലഹരി ഉപയോഗിക്കുന്നവർ വരുന്നതാണ് പ്രധാനപ്പെട്ട പ്രശ്‌നങ്ങളിൽ ഒന്നെന്നും അദ്ദേഹം വ്യക്തമാക്കി. നൈറ്റ് ലൈഫ് കേന്ദ്രത്തിന്‍റെ നവീകരണം പൂർത്തിയായി ഒരുമാസത്തിനിടെ ഒൻപതോളം കേസുകളാണ് ഇതുവരെ രജിസ്‌റ്റർ ചെയ്‌തത്.
ഇന്നലെ (7.11.2023) രാത്രി 12 മണിയോടെ നടന്ന സംഘർഷത്തിൽ പൊലീസിന് നേരെയും കല്ലേറുണ്ടായിരുന്നു. മൈക്ക് ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മാനവീയം വീഥിയില്‍ പൊലീസ് എയ്‌ഡ് പോസ്റ്റിന് സമീപത്താണ് സംഘർഷം ആരംഭിച്ചത്. തുടർന്നുണ്ടായ കല്ലേറില്‍ നെട്ടയം സ്വദേശിക്ക് പരിക്കേറ്റിരുന്നു.
Also Read : മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം, കല്ലേറ്
നിയന്ത്രണങ്ങൾ ആവശ്യപ്പെട്ട് പൊലീസ് : ഓഗസ്റ്റ് 27 നായിരുന്നു നവീകരിച്ച മാനവീയം വീഥി മന്ത്രിമാരായ വി ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും ചേർന്ന് പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കിയത്. പൊതു സ്ഥലത്തിരുന്ന് മദ്യപിച്ചതും യുവാക്കൾ തമ്മിലുള്ള സംഘർഷവും പെൺകുട്ടികൾക്ക് നേരെയുള്ള ആക്രമണവും ഉൾപ്പടെയുള്ള കേസുകളാണ് നിലവിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് നൈറ്റ് ലൈഫ് കേന്ദ്രത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് മ്യൂസിയം പൊലീസ് സിറ്റി പൊലീസ് കമ്മിഷണറോട് ആവശ്യപ്പെട്ടത്.
എന്നാൽ പൊലീസ് സുരക്ഷ ഒരിക്കലും നൈറ്റ് ലൈഫിനെ ബാധിക്കരുതെന്നായിരുന്നു കമ്മിഷണർ ആദ്യം അറിയിച്ചത്. കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപിച്ചതിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ക്ക് പൊലീസ് അനുമതി തേടിയത്.