എറണാകുളം : കാഞ്ഞിരപ്പള്ളിയില്‍ പൊലീസുകാരന്‍ മാങ്ങ മോഷ്‌ടിച്ചതിന് പിന്നാലെ സേനയ്ക്ക് നാണക്കേടായി സമാനമായ മറ്റൊരു സംഭവം കൂടി. സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് 10 പവന്‍ സ്വര്‍ണം മോഷ്‌ടിച്ച കൊച്ചി എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ അമല്‍ ദേവ് അറസ്റ്റിലായി. ഇന്നലെ(ഒക്‌ടോബര്‍ 20) രാത്രിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഞാറക്കല്‍ സ്വദേശി നടേശന്‍റെ വീട്ടിലാണ് ഇയാള്‍ കവര്‍ച്ച നടത്തിയത്. നടേശന്‍റെ മരുമകളുടെ 10 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. ഒക്‌ടോബര്‍ 13നാണ് കേസിനാസ്‌പദമായ സംഭവം. വീട്ടില്‍ നിന്ന് സ്വര്‍ണം നഷ്‌ടപ്പെട്ടതിനെ തുടര്‍ന്ന് നടേശന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വീട്ടിലെ സന്ദര്‍ശകരെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്.
പ്രതിയായ അമല്‍ ദേവ് കുറ്റം സമ്മതിച്ചു. ഓൺലൈൻ റമ്മി കളിക്കാന്‍ വേണ്ടിയുള്ള പണത്തിനായാണ് ഇയാള്‍ മോഷണം നടത്തിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇക്കഴിഞ്ഞയിടെയാണ് ഇടുക്കി എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ ഷിഹാബിനെതിരെ മാങ്ങാമോഷണത്തിന് കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തത്. സെപ്‌റ്റംബര്‍ 30ന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വഴിയരികിലെ കടയില്‍ നിന്ന് ഷിഹാബ് 10 കിലോ മാങ്ങ മോഷ്‌ടിച്ചത്.
also read:പൊലീസുകാരന്‍റെ മാങ്ങ മോഷണം; കേസ് ഒത്തുതീർപ്പ് അപേക്ഷ അംഗീകരിച്ച് കോടതി
ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കടയുടമ പൊലീസില്‍ പരാതി നല്‍കിയെന്ന് അറിഞ്ഞതോടെ ഇയാള്‍ ഒളിവില്‍ പോയി. എന്നാല്‍ കഴിഞ്ഞ ദിവസം പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കടയുടമ കാഞ്ഞിരപ്പള്ളി കോടതിയെ സമീപിച്ചു.
പരാതിക്കാരന്‍റെ ആവശ്യം അംഗീകരിച്ച കോടതി കേസ് ഒത്തുതീര്‍പ്പാക്കി. ഇതോടെ കേസിലെ തുടര്‍ നടപടികള്‍ പൊലീസും അവസാനിപ്പിച്ചു.