എറണാകുളം: ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്ക് ഉപയോഗിക്കുന്ന അലങ്കാര വസ്‌തുക്കളുടെ നിറം രാഷ്‌ട്രീയമായി നിഷ്‌പക്ഷത പുലര്‍ത്തുന്നതായിരിക്കണമെന്ന് ജില്ല ഭരണകുടത്തിനോ പൊലീസിനോ നിര്‍ബന്ധം പിടിക്കാനാവില്ലെന്ന് ഹൈക്കോടതി. തിരുവനന്തപുരം വെള്ളായണി ഭദ്രകാളി ദേവി ക്ഷേത്രത്തിലെ കാളിയോട്ട് ഉത്സവത്തിന്‍റെ ഭാഗമായി ക്ഷേത്ര ഭാരവാഹികള്‍ കാവി നിറത്തിലുള്ള അലങ്കാര വസ്‌തുക്കള്‍ ഉപയോഗിച്ചത് പൊലീസ് തടഞ്ഞതിനെതിരെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
പൊലീസ് ഇടപെടലിനെതിരെ ആവശ്യമായ നടപടി സ്വീകരിക്കമെന്നാവശ്യപ്പെട്ട് ക്ഷേത്ര ഭാരവാഹികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ജസ്‌റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്‌റ്റിസ് പി ജി അജിത് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
പൊലീസ് ക്ഷേത്ര കാര്യങ്ങളില്‍ ഇടപെടേണ്ട: കാളിയൂട്ട് ഉത്സവത്തോട് അനുബന്ധിച്ച് ക്ഷേത്ര ഭാരവാഹികളുടെയും ഭക്തരുടെയും കാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിന്ന് നേമം പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്‌ടറെ വിലക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള വെള്ളായണി ഭദ്രകാളി ദേവി ക്ഷേത്രത്തിലെ ഉത്സവം ക്ഷേത്രത്തിന്‍റെ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും അനുസരിച്ചാണ് നടത്തുന്നത്. ക്ഷേത്രത്തിലെ ദിവസേനയുള്ള പൂജ, ഉത്സവങ്ങള്‍, ആചാരങ്ങള്‍ തുടങ്ങിയവയില്‍ ഇടപെടാന്‍ പൊലീസിന് അധികാരമില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
മാത്രമല്ല, ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ മേല്‍നോട്ടത്തിലുള്ള ക്ഷേത്രത്തിന്‍റെ ഉത്സവ ചടങ്ങില്‍ കാവി അല്ലെങ്കില്‍ ഓറഞ്ച് നിറമുള്ള അലങ്കാര വസ്‌തുക്കള്‍ ഉപയോഗിക്കരുതെന്ന് പറയാന്‍ ഭക്തര്‍ക്ക് പോലും അധികാരമില്ല. ജില്ല ഭരണകുടമോ പൊലീസോ ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ അധികാര പരിധിയില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, റോഡുകള്‍ വാഹനഗതാഗത്തിനുള്ളതാണെന്നും മറ്റ് വാണിജ്യ സ്ഥാപനങ്ങളുടെയോ മത സ്ഥാപനങ്ങളുടെയോ പാര്‍ക്കിങ് സ്ഥലമെന്നും മത സ്ഥാപനങ്ങളുടെ ആഘോഷങ്ങളോട് അനുബന്ധിച്ച് താത്കാലിക കെട്ടിടങ്ങള്‍ സ്ഥാപിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഉള്ളതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഗതാഗത തടസം സൃഷ്‌ടിക്കുന്നവര്‍ക്കെതിരെ നടപടി: പൊതു നിരത്തുകള്‍ കൈയ്യേറുകയോ റോഡുകളില്‍ താല്‍കാലിക കെട്ടിടങ്ങള്‍ സ്ഥാപിക്കുകയോ ചെയ്യുന്നതോ കാല്‍നടയാത്രക്കാര്‍ക്ക് തടസം സൃഷ്‌ടിക്കുന്നതോ ആയ പ്രവര്‍ത്തികള്‍ ചെയ്യുന്നത് വഴി സംസ്ഥാന സര്‍ക്കാരും ബന്ധപ്പെട്ട പ്രാദേശിക അധികാരികളും വിശ്വാസ വഞ്ചന കാണിക്കുകയാണ്. പൊതു ഗതാഗതത്തിന് തടസം സൃഷ്‌ടിക്കുന്ന പ്രവര്‍ത്തികള്‍ ബന്ധപ്പെട്ട അധികാരികളില്‍ നിന്നോ, കോണ്‍ട്രാക്‌ടറില്‍ നിന്നോ, നിര്‍മാതാക്കളില്‍ നിന്നോ ഉണ്ടായാല്‍ മോട്ടോര്‍ വാഹന നിയമത്തിലെ 198എ വകുപ്പ് പ്രകാരം നടപടി സ്വീകരിക്കുമെന്ന് കോടതി അറിയിച്ചു.
അതേസമയം, മുന്‍ വര്‍ഷങ്ങളില്‍ ആര്‍ച്ചുകള്‍, കൊടികള്‍, അലങ്കാര വസ്‌തുക്കള്‍, തോരണം തുടങ്ങിയവ ഉത്സവങ്ങളില്‍ സ്ഥാപിക്കുന്നതിനെ ചൊല്ലി രാഷ്‌ട്രീയ പാര്‍ട്ടിയുടെ പിന്തുണയുള്ള ഭക്തരും എതിരാളികളും ചേര്‍ന്ന് സംഘര്‍ഷമുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി നേമം പൊലീസ് ഇന്‍സ്‌പെക്‌ടര്‍ കോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ക്ഷേത്ര കാര്യങ്ങളില്‍ ഇടപെട്ടത് ക്രമസമാധാന പരിപാലത്തിനും ഉത്സവം സുഗമമായി നടക്കാനും വേണ്ടിയാണെന്ന് ഇന്‍സ്‌പെക്‌ടര്‍ പറഞ്ഞു.
ജില്ല മജിസ്‌ട്രേറ്റും സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറും അധികാര ദുര്‍വിനിയോഗം നടത്തി പ്രാദേശിക സിപിഎം പ്രവര്‍ത്തകരെ സ്വാധീനിച്ച് ക്ഷേത്ര കാര്യങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകയാണെന്ന് റിട്ട് ഹര്‍ജിയില്‍ ആരോപിക്കുന്നു.