എറണാകുളം: വന്ദേഭാരത് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നതുള്‍പ്പടെയുള്ള പരിപാടികള്‍ക്കായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ക്രൈസ്‌തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്‌ച നടത്തി. താമസമൊരുക്കിയ വെല്ലിംഗ്ടൺ ഐലൻഡിലെ താജ് വിവാന്ത ഹോട്ടലില്‍ വച്ചായിരുന്നു പ്രധാനമന്ത്രി ക്രിസ്‌ത്യൻ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയത്. റബ്ബർ വിലയിടിവും സംസ്ഥാനത്തിന് പുറത്ത് ക്രൈസ്‌തവർക്കെതിരായ അതിക്രമങ്ങളുമെല്ലാം യോഗത്തിൽ ചർച്ചയായി.
തേവര എസ്‌എച്ച് കോളജില്‍ വച്ച് നടന്ന യുവം യൂത്ത് കോൺക്ലേവിൽ പങ്കെടുത്ത ശേഷം രാത്രി 7.40 ഓടെ പ്രധാനമന്ത്രി വെല്ലിംഗ്ടൺ ഐലൻഡിലെ താജ് വിവാന്ത ഹോട്ടലിലെത്തിയിരുന്നു. അൽപസമയത്തെ വിശ്രമത്തിന് ശേഷം അദ്ദേഹം മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. ക്രൈസ്‌തവർക്കെതിരായ ആക്രമണങ്ങൾ തടയാൻ നടപടി സ്വീകരിക്കുമെന്നും എല്ലാ മതസ്ഥർക്കും സംരക്ഷണം നൽകുമെന്നും പ്രധാനമന്ത്രി കൂടിക്കാഴ്‌ചയില്‍ അറിയിച്ചു. സഭയുടെ ആശങ്കകൾ തനിക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടിക്കാഴ്‌ചയില്‍ സഭയുടെ ആശങ്കകളും ആവശ്യങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചതായി യോഗത്തിന് ശേഷം ബിഷപ്പുമാർ പ്രതികരിച്ചു.
ഇരുപത് മിനിറ്റോളം നീണ്ട കൂടിക്കാഴ്‌ചയില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ഡോ.കെ.എസ്.രാധാകൃഷ്ണൻ എന്നിവരും പങ്കെടുത്തു. കൂടിക്കാഴ്ച സൗഹൃദപരമായിരുന്നുവെന്ന് കെ.സുരേന്ദ്രൻ പ്രതികരിച്ചു. അതേസമയം എട്ട് ക്രിസ്‌ത്യൻ മത നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്.