എറണാകുളം: വീല്‍ ചെയറിലിരുന്ന് അതിജീവനത്തിന്‍റെ പുതുവഴി തേടുകയാണ് പെരുമറ്റം സ്വദേശി കാഞ്ഞിരമ്പാറ സുനിൽ. പത്ത് വര്‍ഷം മുമ്പ് ജോലിക്കിടയില്‍ ഉണ്ടായ അപകടമാണ് സുനിലിന്‍റെ ജീവിതം വീല്‍ചെയറിലേക്ക് ഒതുക്കിയത്. ഏകാന്തയും വിരസതയും അലട്ടിയ സുനില്‍ ഒടുവില്‍ തന്‍റെ കഴിവുകള്‍ തിരിച്ചറിഞ്ഞു. വീല്‍ചെയറിലിരുന്ന് അയാള്‍ അതിജീവനത്തിന്‍റെ പുതിയ പാത കണ്ടെത്തി. അങ്ങനെ ചിരട്ടയിലും മരത്തടിയിലും മറ്റും കരകൗശല വസ്തുക്കള്‍ നിര്‍മിച്ച് തുടങ്ങി.
ഇതിനിടെ പ്രായത്തിന്‍റെ അവശതകള്‍ കാരണം അച്ഛന്‍ ആഗസ്റ്റിക്ക് ജോലിക്ക് പോകാന്‍ കഴിയാതായി. ഇതോടെ വീട്ടിലെ വരുമാനം നിലച്ചു. പട്ടിണിയുടെ വക്കിലെത്തിയതോടെ അമ്മ ഫിലോമിന അടുത്തുള്ള വീടുകളില്‍ പോയി ജോലിക്ക് പോയിത്തുടങ്ങി. ഇങ്ങനെ കിട്ടുന്ന വരുമാനം മാത്രമായി കുടുംബത്തിന്‍റ ഏക ആശ്രയം. ഇതോടെ വരുമാനം കണ്ടെത്താന്‍ താനുണ്ടാക്കിയ കരകൗശല വസ്തുക്കള്‍ വില്‍പ്പന നടത്തിയാലോ എന്ന ചിന്ത ഉദിക്കുന്നത്.
Also Read: ഇന്നും പോസ്റ്റ് കാർഡിൽ കത്തയച്ച് സുരേഷ്; സൗഹൃദ വലയം 10,000ത്തിനും മുകളിൽ
ആരുടെയും മുന്നില്‍ തലകുനിക്കാന്‍ തയ്യാറാകാത്ത സുനില്‍ കുടുംബത്തിന് താങ്ങാകാനായി തന്‍റെ കഴിവുകള്‍ പ്രയോജനപ്പെടുത്തി നിരവധി ശില്‍പ്പങ്ങളാണ് നിര്‍മിച്ചിരിക്കുന്നത്. ചിരട്ടയിൽ നിർമ്മിച്ചെടുക്കുന്ന പൂവുകൾ, പലതരം മൃഗങ്ങൾ, കാളവണ്ടി, പായ്ക്കപ്പൽ, തേനീച്ച തുടങ്ങിയവ ഇതില്‍പ്പെടും. മുളയിൽ നിർമ്മിച്ചെടുക്കുന്ന വിവിധ ഉത്പന്നങ്ങളും രൂപകല്‍പ്പന ചെയ്യുന്നുണ്ട്.
സുനിലിന്‍റെ അച്ഛനാണ് ഇതിനുവേണ്ട സാധനങ്ങൾ എത്തിച്ച് നൽകുന്നത്. വാർഡ് കൗൺസിലർ പി വി രാധാകൃഷ്ണന്റെയും അയൽവാസികളുടെയും സഹായങ്ങളും സുനിലിന് ആശ്വാസമാണ്. എന്നാല്‍ താന്‍ നിര്‍മിക്കുന്ന വസ്തുക്കള്‍ വില്‍ക്കാന്‍ സുനിലിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
സുമനസുകള്‍ കനിഞ്ഞാല്‍ തന്‍റെ ഉത്പന്നങ്ങള്‍ വില്‍ക്കാനാകുമെന്ന പ്രതീക്ഷയിലാണ് സുനില്‍. അങ്ങനെ വന്നാല്‍ കുടുംബത്തിന് വരുമാനമാകുന്നതിനൊപ്പം തന്നിലെ കലാകാരനുള്ള പ്രോത്സാഹനം കൂടിയാകുമെന്നും സുനില്‍ പറയുന്നു. കരകൗശല വസ്തുക്കൾ ആവശ്യമുള്ളവര്‍ക്ക് *9061899780* എന്ന നമ്പറിൽ ബന്ധപ്പെടാം.