എറണാകുളം: പെരുമ്പാവൂരിൽ യുവാവിനെ നേരെ കൊലപാതകശ്രമം. വടിവാൾ ഉപയോഗിച്ച് വെട്ടിവീഴ്‌ത്തിയ ശേഷം യുവാവിനെ വെടിവയ്ക്കുകയായിരുന്നു. പെരുമ്പാവൂർ സ്വദേശിയായ ആദിൽ എന്ന യുവാവാണ് ആക്രമണത്തിനിരയായത്. ഇയാൾ ഗുരുതര പരിക്കുകളോടെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പുലർച്ചെ ഒന്നരയോടെ മാവിൻ ചുവട് ജങ്ഷനിലാണ് സംഭവം. കൊലപാതക ശ്രമത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമെന്നാണ് പ്രാഥമിക നിഗമനം. കാറിലെത്തിയ ഏഴംഗ സംഘം ചേർന്നാണ് ആക്രമണം നടത്തിയത്. പ്രതികളുടേതെന്ന് സംശയിക്കുന്ന കാർ അന്വേഷണ സംഘം കണ്ടെത്തി. അക്രമി സംഘത്തിലുണ്ടായിരുന്ന മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ റിയാസ്, സഹീർ, നിതിൻ എന്നിവരാണെന്ന് ആക്രമിക്കപ്പെട്ട ആദിൽ മൊഴി നൽകി. കണ്ടാലറിയാവുന്ന നാലു പേർക്കെതിരെയും മൊഴി നൽകിയിട്ടുണ്ട്.