എറണാകുളം : വെണ്ണല മതവിദ്വേഷ പ്രസംഗ കേസിൽ പൂഞ്ഞാർ മുൻ എം.എൽ.എ പി.സി ജോർജിന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. വരുന്ന വ്യാഴാഴ്‌ച വരെയാണ് ജാമ്യം. ഇക്കാലയളവിൽ മാധ്യമങ്ങളിലൂടെയടക്കമുള്ള പരസ്യ പ്രസ്‌താവനകൾ പാടില്ലെന്നും കോടതി നിർദേശമുണ്ട്.
അതേസമയം, തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്‌തിരിക്കുന്ന കേസ് നടപടികൾക്ക് ഈ ഉത്തരവുമായി ബന്ധമുണ്ടായിരിക്കില്ല. ജാമ്യം റദ്ദാക്കണമെന്ന പൊലീസ് ഹർജിയിൽ കോടതി നടപടികളുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രസംഗത്തിന്‍റെ മുഴുവൻ ഭാഗവും കേൾക്കാതെയാണ് പൊലീസ് കേസെടുത്തതെന്ന വാദമാണ് പി.സി ജോർജ് കോടതിയിൽ ഉന്നയിച്ചത്.
ALSO READ| മതവിദ്വേഷ പ്രസംഗം: പി.സി ജോര്‍ജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരത്ത് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ ജാമ്യം ലഭിച്ചതിന്‍റെ പ്രതികാര നടപടിയായാണ് പൊലീസ് വെണ്ണലയിലെ പ്രസംഗത്തിന്‍റെ പേരിൽ കേസെടുത്തതെന്നും അദ്ദേഹം വാദിച്ചു. അതേസമയം, വിചാരണക്കോടതിയിൽ പി.സി ജോർജ് ഹാജരാകണമെന്ന ആവശ്യമാണ് സർക്കാർ അഭിഭാഷകൻ കോടതിയിൽ ഉയർത്തിയത്.
പ്രതി ഇതേ കുറ്റം ഇനി ആവർത്തിക്കില്ല എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു സർക്കാർ അഭിഭാഷകന്‍റെ വാദം. ഹർജി ഹൈക്കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.