എറണാകുളം: ജോസ് കെ.മാണിയുടെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫില്‍ അഭിപ്രായ വ്യത്യാസമോ ആക്ഷേപമോയില്ലെന്ന് ഇടതു മുന്നണി കൺവീനർ എ. വിജയരാഘവൻ. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം അടുത്ത മുന്നണി യോഗം ചർച്ച ചെയ്യും. ഇടതു മുന്നണി യോഗം എപ്പോൾ ചേരണമെന്ന് രണ്ട് ദിവസത്തിനകം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം പിടിച്ച സംഭവത്തിൽ പി.ടി തോമസ് എംഎൽഎയുടെ പങ്ക് സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആവശ്യമാണന്ന് എ.വിജയരാഘവൻ പറഞ്ഞു.
വളരെ പാവപ്പെട്ട കുടികിടപ്പുകാരെ കുടിയിറക്കാൻ ഭൂമാഫിയ രാഷ്ട്രീയ നേതൃത്വത്തെ ഉപയോഗപ്പെടുത്തുന്ന രീതിയാണ് ഈ കാര്യത്തിൽ ഉണ്ടായത്. കേരളത്തിന്‍റെ പൊതുജീവിതത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണിത്. മുസ്ലിം ലീഗ് എംഎൽഎ ഖമറുദീന്‍റെ കാര്യത്തിലും സമാന സംഭവമാണ് ഉണ്ടായത്. അഞ്ജു മനയിൽ പാവപ്പെട്ട കുടുംബത്തെ പറ്റിക്കാനുള്ള ശ്രമം തടഞ്ഞത് പാർട്ടി ഇടപെടലിലൂടെയാണ്. ചില സിനിമകളിൽ കാണുന്നത് പോലെയാണ് ഇവിടെ കാര്യങ്ങൾ നടന്നത്. ഈ സംഭവം യുഡിഎഫിനെയും പി.ടി തോമസ് എംഎൽഎയെയും വിഷമാവസ്ഥയിലാക്കി. മുഖ്യമന്ത്രിക്ക് പരാതി നൽകിയ സിപിഎം ഏരിയാ കമ്മറ്റിയംഗം സന്തോഷിനെ കായികമായി ആക്രമിക്കാനുള്ള ശ്രമം നടന്നു. വലിയ മാനമുള്ള അധോലോക പ്രവർത്തനമാണ് നടന്നത്. ഇതിന് ജനപ്രതിധികൾ അധ്യക്ഷരാകുന്നത് ഖേദകരമാണെന്നും വിജയ രാഘവൻ പറഞ്ഞു.
പി.ടി.തോമസ് ഇടനിലക്കാരനായി വില്പന നടത്താൻ ശ്രമിച്ച സ്ഥലം സന്ദർശിച്ച ശേഷമായിരുന്നു വിജയരാഘവൻ മാധ്യമങ്ങളോട് സംസാരിച്ചത്. പി.ടി തോമസ് ഇടപെട്ട കള്ളപ്പണം പിടികൂടിയ ഭൂമിയിടപാട്, പ്രധാന പ്രചാരണ വിഷയമാക്കാൻ ഇടതുമുന്നണി തയ്യാറാകുന്നതിന്‍റെ സൂചന കൂടിയാണ് കൺവീനറുടെ സ്ഥലം സന്ദർശനം.